| Tuesday, 9th July 2024, 11:54 am

വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ പബ്ബിനെതിരെ കേസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ വണ്‍8 കമ്യൂണ്‍ പബ്ബിനും എം.ജി റോഡിലെ മറ്റ് സ്ഥാപനങ്ങള്‍ക്കുമെതിരെ കേസ്. അനുവദനീയമായ സമയത്തില്‍ കൂടുതല്‍ പബ്ബ് പ്രവര്‍ത്തിച്ചതിനാലാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്.

ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന വണ്‍8 കമ്യൂണ്‍ പബ്ബ് രാത്രി ഒരു മണിവരെയാണ് തുറക്കാന്‍ അനുമതിയുള്ളൂ.  എന്നാല്‍ 1.30 വരെ പബ്ബുകള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് സെന്‍ട്രല്‍ ഡി.സി.പി അറിയിച്ചത്. രാത്രിയില്‍ സ്ഥലത്ത് ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നുവെന്ന പരാതിയ തുടര്‍ന്നാണ് ബെംഗളൂരു പൊലീസ് സ്ഥാപനങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഈ വിഷയത്തെക്കുറിച്ച് ബെംഗളൂരു പൊലീസ് ഓഫീസര്‍ പ്രതികരിക്കുകയും ചെയ്തു.

‘രാത്രിയില്‍ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുന്നതായി ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചു. ഞങ്ങള്‍ അന്വേഷണം തുടരുകയാണ്. അതിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും,’ പോലീസ് ഓഫീസര്‍ പറഞ്ഞു.

വണ്‍8 കമ്യൂണിന് ഇന്ത്യയിലെ വ്യത്യസ്ത മെട്രോ നഗരങ്ങളില്‍ ശാഖകളുണ്ട്. ബെംഗളൂരുവിന് പുറമെ മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നീ നഗരങ്ങളിലുമാണ് വണ്‍8 കമ്യൂണിന്റെ ശാഖകള്‍ ഉള്ളത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആയിരുന്നു ബെംഗളൂരുവില്‍ വണ്‍8 കമ്യൂണ്‍ ആരംഭിച്ചത്. രത്‌നം കോംപ്ലക്‌സിലെ ആറാം നിലയിലാണ് ഈ പബ്ബ് സ്ഥിതി ചെയ്യുന്നത്.

വണ്‍8 കമ്യൂണിന് പുറമേ സമീപത്തെ മറ്റ് മൂന്ന് സ്ഥാപങ്ങൾക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം ടി-20 ലോകകപ്പ് വിജയത്തിനുശേഷം വിരാട് കോഹ്‌ലി ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിംബാബ് വെക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ഉള്ളത്.

ടി-20 ലോകകപ്പ് വിജയിച്ച ടീമിലെ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ ടീം സിംബാബ്വെക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ഇതിനുശേഷം ഓഗസ്റ്റില്‍ ശ്രീലങ്ക നടക്കുന്ന ഏകദിന പരമ്പരയിലും വിരാടിനും രോഹിത്തിനും വിശ്രമം അനുവദിച്ചു എന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight:  Case against One8 Commune pub owned by Virat Kohli

We use cookies to give you the best possible experience. Learn more