ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തല്‍: നിഷാമിനെതിരായ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു
Daily News
ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തല്‍: നിഷാമിനെതിരായ പരാതി സഹോദരങ്ങള്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th October 2016, 1:22 pm

ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ നിഷാമിനെതിരെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ജയിലിനുള്ളില്‍ വച്ചും നിസാം ഭീഷണി മുഴക്കിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.


തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം സഹോദരങ്ങളെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന പരാതി നിഷാമിന്റെ സഹോദരങ്ങള്‍ പിന്‍വലിച്ചു.

സഹോദരങ്ങളായ അബ്ദുല്‍ റസാഖ്, അബ്ദുല്‍ നിസാര്‍ എന്നിവര്‍ പരാതി പിന്‍വലിക്കുന്നതായി അറിയിച്ച് റൂറല്‍ എസ.പി നിശാന്തിനിക്ക് കത്ത് നല്‍കി.

പരാതി നല്‍കിയത് പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണെന്ന് കത്തില്‍ പറയുന്നു. സംഭവത്തില്‍ നിഷാമിനെതിരെ കേസെടുത്തു. തൃശ്ശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സഹോദരന്‍മാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ നിഷാമിനെതിരെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ജയിലിനുള്ളില്‍ വച്ചും നിസാം ഭീഷണി മുഴക്കിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചു.

തൃശ്ശൂര്‍ റൂറല്‍ എസ്.പി നിശാന്തിനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്. മൊഴിയെടുപ്പില്‍ നിഷാമിന്റെ സഹോദരങ്ങളായ അബ്ദുള്‍ നിസാറും അബ്ദുള്‍ റസാഖും വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ഉറച്ചു നിന്നിരുന്നു.

കുടുംബ ബിസിനസിലെ വിവരങ്ങള്‍ പറഞ്ഞ് സ്ഥിരമായി നിഷാം വിളിക്കാറുണ്ടായിരുന്നതായും ഇവര്‍ മൊഴി നല്‍കി. വധശ്രമക്കേസില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയപ്പോള്‍ നിഷാമിനെ അനുഗമിച്ചതായി സുഹൃത്ത് ഷിബിനും ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

മൊബൈല്‍ ഫോണും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കിയെന്നും സമ്മതിച്ചു. സഹോദരങ്ങളെ ഭീഷണിപ്പെടുത്താനായി ഉപയോഗിച്ച ഷിബിന്റെ മൊബൈല്‍ നമ്പര്‍ പരാതിയില്‍ ഉന്നയിച്ച സമയത്ത് ബംഗളൂരുവിലെ ടവര്‍ ലൊക്കേഷനില്‍ ആയിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന നിഷാമിനെ പുറത്തിറക്കാതെ പരാതി നല്‍കാന്‍ മുന്നോട്ട് വന്ന സഹോദരങ്ങള്‍ക്കെതിരെ ബന്ധുക്കള്‍ ഉയര്‍ത്തിയ പ്രതിഷേധം കാരണമാണ് പരാതി പിന്‍വലിച്ചതെന്നും സംശയമുണ്ട്.

സഹോദരങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് കാര്യത്തിലാണ് നിഷാം ഇവരെ ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. ഒരു സഹോദരനെ ശകാരിക്കുന്ന നിഷാം സംഭാഷണത്തിനിടെ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി. ബംഗലുരു കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിഷാം ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. തുടര്‍ന്നാണ് സഹോദരങ്ങള്‍ പരാതി നല്‍കിയത്.

അതേസമയം കേസില്‍ ചന്ദ്രബോസിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. കേസില്‍ പ്രതിക്കു വേണ്ടി ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു എന്ന പരാതി നല്‍കുന്നതിനായിട്ടാണ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയത്. കേസിലെ അഭിഭാഷകനെ മാറ്റരുതെന്നും അവര്‍ ആവശ്യപ്പെട്ടു.