പേരാമ്പ്ര: മുസ്‌ലിം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസ്. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് കേസെടുത്തതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. “05.1.2019 തിയ്യതി മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ പ്രതി സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി സോഷ്യല്‍ മീഡിയയില്‍ എന്തിനാണ് സഖാക്കളെ പേരാമ്പ്രയിലെ പള്ളിക്ക് നേരെ ബോംബെറിഞ്ഞത് എന്നുംമറ്റും പോസ്റ്റ് ചെയ്ത്” എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ- യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന്റെ ഭാഗമായി നടന്ന കല്ലേറിനിടെ പള്ളിയുടെ മുന്‍ഭാഗത്തെ തൂണില്‍ ചെറിയൊരു ഭാഗം അടര്‍ന്നുപോയിരുന്നു. ഇത് പള്ളിയ്‌ക്കെതിരെ ബോംബാക്രമണം എന്ന തരത്തില്‍ പ്രചരിപ്പിച്ചെന്നാണ് ആരോപണം. കൂടാതെ ബോംബേറില്‍ തകര്‍ന്ന പള്ളിയെന്നു പറഞ്ഞ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപണമുണ്ട്.
ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര പൊലീസിനും ഡി.ജി.പിക്കുമാണ് ജിജേഷ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.