| Monday, 9th January 2017, 3:03 pm

ആറളം കേസില്‍ നദീര്‍ ആറാം പ്രതി: തെളിവില്ലെന്ന മുന്‍നിലപാടില്‍ മലക്കംമറിഞ്ഞ് ഹൈക്കോടതിയില്‍ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഹൈക്കോടതിയില്‍ നദീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.


കൊച്ചി: ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്‌തെന്ന കേസില്‍ നദീര്‍ ആറാം പ്രതിയാണെന്ന് പൊലീസ്. ഹൈക്കോടതിയില്‍ നദീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

നേരത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡിസംബര്‍ 19ന് നദീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നദീറിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് പിറ്റേദിവസം അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ നദീറിനെതിരായ കേസ് എഴുതി തള്ളിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നദീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.


Also Read:റിസര്‍വ് ബാങ്ക് ഗവര്‍ണറെ മാത്രമല്ല വേണ്ടിവന്നാല്‍ മോദിയേയും ചോദ്യം ചെയ്യും: പാര്‍ലമെന്ററി കമ്മിറ്റി


സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ആറ് പേര്‍ക്കൊപ്പം കാട്ടൂതീ പ്രസിദ്ധീകരണം വിതരണം ചെയ്തതിന് തെളിവുണ്ടെന്ന് പറഞ്ഞാണ് നദീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറളത്ത് മാവോയിസ്റ്റ് സംഘത്തിനൊപ്പം നദീറിനെ കണ്ടെന്ന് ആദിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നായിരുന്നു പൊലീസ് വാദം.

എന്നാല്‍ അറസ്റ്റ് വിവാദമായതോടെ പൊലീസ് നിലപാട് മാറ്റി. നദീറിനെതിരെ തെളിവില്ലെന്നും ചോദ്യം ചെയ്യാനായാണ് വിളിപ്പിച്ചതെന്നും പറഞ്ഞ് പൊലീസ് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നദീറിനെതിരെ യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

“നദീറിനെ അറസ്റ്റു ചെയ്തു എന്ന വാദങ്ങള്‍ തെറ്റാണ്. അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. ആ സാഹചര്യത്തിലാണ് വിട്ടയച്ചത്” എന്നായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.


Also Read: പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ എസ്.എഫ്.ഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍


കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 148/16 കേസിലാണ് നദീറിനെ പ്രതിചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കൂ ചൂണ്ടി ഭീഷണിപ്പെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്നാണ് കേസ്.

മാര്‍ച്ച് 16നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണച്ചുമതല. സുന്ദരി, കന്യാകുമാരി, പി.പി മൊയ്തീന്‍ എന്നിവരാണ് ഈ കേസിലെ പ്രതികള്‍. ഈ സംഭവത്തില്‍ നദീറിന്റെ പേരില്‍ കേസുണ്ടായിരുന്നില്ല.

ദേശീയഗാനത്തെ അപമാനിച്ചു എന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എഴുത്തുകാരന്‍ കമല്‍സി ചവറയ്‌ക്കൊപ്പം ആശുപത്രിയിലിരിക്കെയാണ് നേരത്തെ നദീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് ബാലുശേരി സ്വദേശിയായ നദീര്‍ സാമൂഹ്യ പ്രവര്‍ത്തകനും സ്വതന്ത്രമാധ്യമപ്രവര്‍ത്തകനുമാണ്.

We use cookies to give you the best possible experience. Learn more