സ്ത്രീ വിരുദ്ധ പ്രസ്താവന: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു
Kerala News
സ്ത്രീ വിരുദ്ധ പ്രസ്താവന: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st November 2020, 8:37 pm

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ കെ.പി.സി.സി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്തു. സംസ്ഥാന വനിതാ കമ്മീഷനാണ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്. മുല്ലപ്പള്ളി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായുള്ള വഞ്ചനാദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്യാഗ്രഹത്തിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.

സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ബലാത്സംഗത്തിനിരയായ സ്ത്രീ ആത്മാഭിമാനമുള്ളയാളാണെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

സോളാര്‍ കേസ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ യു.ഡി.എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചായിരുന്നു മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.

സോളാര്‍ കേസ് പരാതിക്കാരിയെ യു.ഡി.എഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മുല്ലപ്പള്ളി സോളാര്‍ കേസില്‍ പരാതി നല്‍കിയ സ്ത്രീയെ കടന്നാക്രമിച്ചത്.

‘ആരെയാണിവര്‍ കൊണ്ടു വരാന്‍ പോകുന്നത്. ഓരോ ദിവസവും ഉറങ്ങിയെണീക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം ചെയ്തിരിക്കുന്നു എന്ന് പറയുകയാണ്. ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ചൊരുക്കിക്കൊണ്ട് തിരശ്ശീലക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുകയാണ്. എപ്പോഴാണ് ഞാന്‍ രംഗത്ത് വരേണ്ടതെന്ന് അവര്‍ ചോദിച്ച് കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രീ, ഈ കളി ഇവിടെ നടപ്പില്ല. മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ ഒരു അഭിസാരികയെ കൊണ്ട് വന്നിരിക്കുകയാണ് അദ്ദേഹം. അവരെ കൊണ്ട് വന്നതു കൊണ്ട് രക്ഷപ്പെടാമെന്ന് അങ്ങ് കരുതണ്ട,’ മുല്ലപ്പള്ളി പറഞ്ഞു.

ഒരു സ്ത്രീ ഒരു തവണ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മാഭിമാനമുള്ളവളാണെങ്കില്‍ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ അത് പിന്നീട് ഒരിക്കലും ആവര്‍ത്തിക്കില്ല, അത്തരമൊരു സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്,’എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Case against mullappally ramachandran