കാക്കനാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റം ചുമത്തി എം.എല്‍.എമാരടക്കം 15 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപകമായ സംഘര്‍ഷം ഉണ്ടായി. മാര്‍ച്ചിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കമ്മീഷണര്‍ ഓഫിസിന് സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം പരാജപ്പെട്ടതോടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറിയുകയും ചെയ്തു. കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, കലാപാഹ്വാനം നടത്തല്‍ തുടങ്ങിയ വകുപ്പുകളാണ് മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കേസിലെ ഒന്നാംപ്രതി. ഈ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവില്‍ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷാഫി പറമ്പില്‍ എം.എല്‍.എ, എം. വിന്‍സെന്റ് എം.എല്‍.എ എന്നിവരും പൊലീസിനെ ആക്രമിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട് പ്രതിപ്പട്ടികയിലുണ്ട്. പൊലീസ് അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Content Highlight: Case against MLAs in Kochi Youth Congress march