| Friday, 4th October 2024, 10:14 am

മനാഫിനെതിരെ കേസ്; ചുമത്തിയത് കലാപാഹ്വാനം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ ലോറിയുടമ മനാഫിനെതിരെ കേസെടുത്തു. ചേവായൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ് 192, 120 (o) എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

കലാപാഹ്വാനത്തിനാണ് മനാഫിനെതിരെ കേസെടുത്തത്. പരാതിയെ തുടര്‍ന്ന് സേവ് അര്‍ജുന്‍ എന്ന ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ജുന്റെ കുടുംബത്തിന്റെ പരാതി. പരാതിയില്‍ സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം അര്‍ജുന്റെ പേരില്‍ മനാഫ് പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ കുടുംബം ഉയര്‍ത്തിയുന്നു. പിന്നാലെ രൂക്ഷമായി സൈബര്‍ ആക്രമണമാണ് അര്‍ജുന്റെ കുടുംബം നേരിട്ടത്.

തനിക്കെതിരെ കേസെടുത്തതില്‍ മനാഫ് പ്രതികരിക്കുകയുണ്ടായി. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചതാണെന്നും മനാഫ് പറഞ്ഞു.

ശിക്ഷിക്കപ്പെട്ടാലും അര്‍ജുന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനല്‍ എല്ലാവര്‍ക്കും പരിശോധിക്കാമെന്നും ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും മനാഫ് പറയുകയുണ്ടായി.

ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് മനാഫ് ആവശ്യപ്പെടുകയുമുണ്ടായി.

പിന്നാലെയാണ് അര്‍ജുന്റെ സഹോദരി അഞ്ചു സൈബര്‍ ആക്രമണത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയും ചെയ്തു. എ.സി.പിക്കാണ് അന്വേഷണത്തിന്റെ ചുമതല. ഈ പരാതിയിലാണ് മനാഫിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

മനാഫിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പൊലീസ് ഇന്നലെ പ്രതികരിക്കുകയുമുണ്ടായി. സൈബര്‍ ആക്രമണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Content Highlight: Case against Manaf

We use cookies to give you the best possible experience. Learn more