കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയില്‍ ലോറിയുടമ മനാഫിനെതിരെ കേസെടുത്തു. ചേവായൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ് 192, 120 (o) എന്നീ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കലാപാഹ്വാനത്തിനാണ് മനാഫിനെതിരെ കേസെടുത്തത്. പരാതിയെ തുടര്‍ന്ന് സേവ് അര്‍ജുന്‍ എന്ന ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ജുന്റെ കുടുംബത്തിന്റെ പരാതി. പരാതിയില്‍ സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം അര്‍ജുന്റെ പേരില്‍ മനാഫ് പണപ്പിരിവ് നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ കുടുംബം ഉയര്‍ത്തിയുന്നു. പിന്നാലെ രൂക്ഷമായി സൈബര്‍ ആക്രമണമാണ് അര്‍ജുന്റെ കുടുംബം നേരിട്ടത്.
പിന്നാലെയാണ് അര്‍ജുന്റെ സഹോദരി അഞ്ചു സൈബര്‍ ആക്രമണത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി മെഡിക്കല്‍ കോളേജ് പൊലീസിന് കൈമാറുകയും ചെയ്തു. എ.സി.പിക്കാണ് അന്വേഷണത്തിന്റെ ചുമതല. ഈ പരാതിയിലാണ് മനാഫിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
മനാഫിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് പൊലീസ് ഇന്നലെ പ്രതികരിക്കുകയുമുണ്ടായി. സൈബര്‍ ആക്രമണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.