തിരുവനന്തപുരം: എം. വിന്‍സെന്റ് എം.എല്‍.എയ്‌ക്കെതിരായ പരാതി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പരാതിക്കാരിയുടെ സഹോദരി. മാതൃഭൂമി ന്യൂസിനോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.
വിന്‍സെന്റിനെതിരായ പരാതിക്കു പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ തങ്ങളുടെ സഹോദരന്‍ തന്നെയാണെന്നാണ് യുവതി പറയുന്നത്. വിന്‍സെന്റിന് തങ്ങളുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞ യുവതി സഹോദരന് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതിന് പ്രതികാരമെന്നോണമാണ് വിന്‍സെന്റിനെതിരെ പരാതി നല്‍കിയതെന്നാണ് പറയുന്നത്.
എം.വിന്‍സെന്റ് പീഡിപ്പിച്ചെന്ന് വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എം വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച വൈകുന്നേരത്തോടെ എം. വിന്‍സെന്റിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
വീട്ടമ്മയോട് എം.എല്‍.എ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മയുടെ മൊഴിക്ക് ശേഷം സ്ത്രീ പീഡനത്തിന് കേസെടുക്കുകയായിരുന്നു.