| Monday, 21st September 2015, 11:30 am

എം.എല്‍.എ മാര്‍ക്കെതിരെ കേസെടുത്ത നടപടി ശരിയല്ലെന്ന് സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ എം.എല്‍.എ.മാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്ത നടപടി ശരിയല്ലെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍.

സമ്മേളനത്തിനിടെ നടന്ന ഒരു പ്രശ്‌നത്തില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നാണ് തന്റെ നിലപാടെന്ന് ശക്തന്‍ വ്യക്തമാക്കി.

ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷ വനിതാ എം.എല്‍.എ.മാരെ കൈയേറ്റംചെയ്‌തെന്ന പരാതിയില്‍ നാല് യു.ഡി.എഫ്. എം.എല്‍.എ.മാര്‍ക്കെതിരെ കോടതി കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് മാര്‍ച്ച് 13ന് സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്.

ഇതിനിടെ, തങ്ങളെ അപമാനിക്കാന്‍ യു.ഡി.എഫ്. എം.എല്‍.എ.മാര്‍ ശ്രമിച്ചുവെന്നാണ് ജമീലാ പ്രകാശവും കെ.കെ.ലതികയും പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ്. എം.എല്‍.എ.മാരായ കെ.ശിവദാസന്‍നായര്‍, എ.ടി.ജോര്‍ജ്, എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം  കേസെടുത്തത്.

കോടതിയുടെ ഈ നിലപാട് നിയമസഭയും ജുഡീഷ്യറിയും തമ്മിലുള്ള അഭിപ്രായവിത്യാസത്തിന് വഴിയൊരുക്കുമെന്നും എന്‍. ശക്തന്‍ അഭിപ്രായപ്പെട്ടു.

പരാതിക്കാര്‍ ആരോപിക്കുന്നതുപോലെ അന്ന് നടന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിലപാടില്‍ കോടതി എത്തിയിട്ടുണ്ടെങ്കില്‍ അതിനുമുമ്പ് നിയമസഭാ സെക്രട്ടറിയുടെ വിശദീകരണം തേടിയിട്ടില്ലെന്നും സ്പീക്കര്‍ വിലയിരുത്തുന്നു.

സഭാസമ്മേളനത്തിനിടെ നടന്ന സംഭവങ്ങളില്‍ കോടതിയെ സമീപിക്കാന്‍ എം.എല്‍.എ.മാര്‍ സ്പീക്കറുടെ അനുമതിയും തേടിയിട്ടില്ല.

We use cookies to give you the best possible experience. Learn more