വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പരാമർശം നടത്തിയ മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസ്. മുസ്‌ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിന് എതിരെയാണ് ന്യൂമാഹി പൊലീസ് കേസെടുത്തത്.
ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. നാട്ടില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
താന്‍ വാട്‌സ്ആപ്പ് മെസേജ് ഫോര്‍വേര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അസ്‌ലം പറയുന്നു. എന്നാല്‍ ഗ്രൂപ്പില്‍ വന്ന ഓഡിയോ മെസേജ് അസ്‌ലമിന്റേത് തന്നെയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.
അതേസമയം, കെ.കെ. ശൈലജക്കെതിരെ നടക്കുന്ന സൈബറാക്രമണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ വ്യാപകമായി വ്യാജ വാര്‍ത്തകളും അധിക്ഷേപ പരാമര്‍ശങ്ങളും പ്രചരിച്ചിരുന്നു.
തിങ്കളാഴ്ച തനിക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആരോപണങ്ങളിലും അധിക്ഷേപങ്ങളിലും കെ.കെ. ശൈലജ വൈകാരികമായും രൂക്ഷമായും പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഒപ്പം തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിരുന്നു.
വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലും നേതാക്കളും കോണ്‍ഗ്രസിന്റെ മീഡിയ വിങ്ങും നിരന്തരം വ്യക്തിഹത്യ ചെയ്യുകയാണെന്ന് ശൈലജയും ഇടതുമുന്നണിയും ആരോപിച്ചിരുന്നു. ഇന്ന് യു.ഡി.എഫ് വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് അസ്‌ലമിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Content Highlight: Case Against Local Leader Of Muslim League For Insulting KK Shailaja On Social Media Post