തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്കിന്റെ ശബ്ദം തടസപ്പെട്ടതിനെതിരെ കേസെടുത്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്.
കേരളാ പൊലീസ് ആക്ടിലെ 118 ഇ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞ് കൊണ്ട് ചെയ്യലാണ് കേസെടുത്തിരിക്കുന്നത്.
അയ്യന്‍കാളി ഹാളില്‍ ഇന്നലെയായിരുന്നു കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാര്‍ നേരിട്ടിരുന്നു.
കെ.പി.സി.സിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പിണറായി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉയര്‍ന്ന മുദ്രാവാക്യം വിളിയും, പിണറായിയുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിനെ കെ. സുധാകരന്‍ വിമര്‍ശിച്ചതും വിവാദമായിരുന്നു.
മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ച് പങ്കെടുത്തിട്ടും അപമാനിക്കുന്ന രീതിയിലായിരുന്നു കോണ്‍ഗ്രസ് സമീപനം എന്നായിരുന്നും ഒരു വിഭാഗം സി.പി.ഐ.എം നേതാക്കളുടെ വിമര്‍ശനം. മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.
മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതിനെതിരെ മന്ത്രി വി.എന്‍. വാസവന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഏറ്റവും അധികം വേട്ടയാടല്‍ നേരിടുന്നത് മുഖ്യമന്ത്രിക്കെതിരെ ആണെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുദ്രാവാക്യം വിളിച്ചത് ജനം വിലയിരുത്തട്ടെയെന്നും ഇ.പി. ജയരാജനും പറഞ്ഞിരുന്നു.
അതേസമയം, മുദ്രാവാക്യം വിളി സ്വാഭാവികമാണെന്നും ഉമ്മന്‍ ചാണ്ടിയെ ഇപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. മുദ്രാവാക്യം വിളി മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇടപെട്ട് നിര്‍ത്തിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.