| Saturday, 23rd April 2016, 9:46 am

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസംഗം: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനെതിരെ പോലീസ് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനെതിരെ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പരിപാടിയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ്. നല്ലളം പോലീസാണ് ഡി.സി.സി പ്രസിഡന്റിനെതിരെ കേസ് എടുത്തിരിക്കുന്നത്.

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥനാര്‍ത്ഥി ആദം മുല്‍സിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വേദിയിലാണ് അബു മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചത്.

ഒരു മുസ്ലീം മത നേതാവ് തന്നോട് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യമാണ് താന്‍ പറയുന്നതെന്ന് അവകാശപ്പെട്ടായിരുന്നു അബുവിന്റെ പ്രസംഗം.

“നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഒരു മുസ്ലീം സംഘടനയുടെ നേതാവുമായി ഞാന്‍ സംസാരിച്ചു, അദ്ദേഹത്തിന്റ പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല, ഓരോ നിയോജകമണ്ഡലത്തെക്കുറിച്ചും അദ്ദേഹത്തോട് സംസാരിച്ചു, അങ്ങനെ ബേപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു,

ആദം മുല്‍സി ജയിക്കണം അത് കോണ്‍ഗ്രസിനോടുള്ള താല്‍പര്യം കൊണ്ടല്ല, ആദം മുല്‍സി പരാജയപ്പെട്ടാല്‍ ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക്, കോഴിക്കോട് ഒരു മുസ്ലീം മേയറെ നഷ്ടപ്പെടും, അതിനാല്‍ ഞങ്ങള്‍ക്ക് മുസ്ലീം മേയറെയും വേണം, മുസ്ലീം എം.എല്‍.എയായി ആദം മുല്‍സിയേയും വേണമെന്നാണ് നേതാവ് പറഞ്ഞത്”  ഇതായിരുന്നു അബുവിന്റെ വാക്കുകള്‍.

ഇതു ചൂണ്ടിക്കാട്ടി അബുവിനെ യുവമോര്‍ച്ച തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ സംസാരിച്ചു, വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് നല്ലളം പോലീസ് അബുവിനെതിരെ ചുമത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more