Kerala News
മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 06, 09:17 am
Sunday, 6th January 2019, 2:47 pm

 

കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ബി.ജെ.പി കാസര്‍കോട് നടത്തിയ പ്രകടനത്തില്‍ മുഖ്യമന്ത്രിയേയും പൊലീസിനെയും തെറിവിളിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ കേസ്. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് കേസെടുത്തത്.

രാജേശ്വരിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി. ശിവദാസ് ജില്ലാ പൊലീസ് തലവന്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കാസര്‍കോട് പൊലീസാണ് രാജേശ്വരിക്കെതിരെ കേസെടുത്തത്.

മുഖ്യമന്ത്രിയേയും പൊലീസിനേയും തെറിവിളിച്ചുള്ള പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Also read:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ബി.ജെ.പിക്ക് 10 സീറ്റുപോലും ലഭിക്കില്ല: വിലയിരുത്തല്‍ ഇന്ത്യാ ടി.വി സര്‍വ്വേ അടിസ്ഥാനത്തില്‍

ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയെ തെറിവിളിച്ചത്. മുദ്രാവാക്യം പ്രകടനത്തിലുള്ള മറ്റുള്ളവരും ഏറ്റുപിടിച്ചിരുന്നു.

കാസര്‍കോട് നഗരത്തില്‍ കടകള്‍ക്ക് നേരെ കല്ലേറ് നടത്തിയതിലും ചെന്നിക്കരയില്‍ സി.പി.ഐ.എമ്മിന്റെ കൊടി നശിപ്പിച്ചതിലും രാജേശ്വരിക്ക് പങ്കുണ്ടെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.