ഭൂമിയിടപാട്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്
കോട്ടയം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ്. മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭയിലെ രണ്ട് വിഭാഗങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. .
ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് ഒരു വിഭാഗം വിശ്വാസികള്‍ കത്തയച്ചിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിന് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടും പോപ്പിന് അയച്ചുകൊടുക്കാന്‍ വൈദിക സമിതി തീരുമാനിച്ചിരുന്നു. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നുവെന്നും ആരോപണമുണ്ട്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടികളില്‍ സാങ്കേതിക പിഴവുണ്ടായെന്ന് കര്‍ദ്ദിനാള്‍ സമ്മതിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം സിനഡിനെ അറിയിക്കുകയായിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട് ആലഞ്ചേരി, ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോഷി പുതുവ, ഇവരെ സഹായിച്ച മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, സഭയുടെ വസ്തുവകകള്‍ വാങ്ങുകയും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയും ചെയ്ത പടമുഗള്‍ സ്വദേശി സാജു വര്‍ഗീസ്, വസ്തുവകകള്‍ മുറിച്ചുവാങ്ങിയ വാഴക്കാല സ്വദേശികളായ അജാസ്, കബീര്‍, കളമശ്ശേരി സ്വദേശികളായ ഷെഫീഖ് മുഹമ്മദ്, സല്‍മത്ത്, ഫൈസല്‍, ബിന്ദു, റൂഫസ് ,സുദര്‍ശന ഭായി , മുഹമ്മദ്, സിയാദ്, നൗഷാദ്, ബഷീര്‍, സൗദ, ഷെമീര്‍, ജോണ്‍ മാത്യു, സാജന്‍ എന്നിവരും മലപ്പുറം സ്വദേശി ഗിരീഷ്, തിരുവനന്തപുരം സ്വദേശി ദമാന്‍, കൊല്ലം സ്വദേശികളായ ഹരികൃഷ്ണന്‍, ആശ തോമസ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു.
മെഡിക്കല്‍ കോളജ് തുടങ്ങാനെന്ന പേരില്‍ 58 കോടിയിലേറെ രൂപക്ക് സ്ഥലം വാങ്ങിയെന്നും ഇതില്‍ ആദ്യം നാല് കോടി ഉടമക്ക് കൊടുത്തശേഷം ബാക്കി കൊടുക്കാന്‍ 54 കോടി മതിയെന്നിരിക്കെ 58 കോടിയിലേറെ ബാങ്ക് വായ്പ എടുത്തെന്നും ഇതില്‍ നാല് കോടിക്ക് കണക്കില്ലെന്നുമാണ് പ്രധാന ആരോപണം. കൂടാതെ, പ്രതിവര്‍ഷം ആറ് കോടിയിലേറെ രൂപ ബാങ്കിലേക്ക് പലിശ ഇനത്തില്‍ അടക്കാനുണ്ടായിരിക്കെ ബാധ്യത തീര്‍ക്കാന്‍ സഭയുടെ കീഴിലുള്ള സ്ഥലങ്ങള്‍ വില്‍ക്കാന്‍ ഒന്ന് മുതല്‍ മൂന്ന് വരെ എതിര്‍കക്ഷികള്‍ സമ്മര്‍ദം ചെലുത്തി സഭയില്‍ സമ്മതിപ്പിച്ചതായും ആരോപണമുയര്‍ന്നിരുന്നു.