ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്‌സെയെന്ന പരാമര്‍ശത്തിന്റെ പേരില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസനെതിരെ കേസ്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് അറവാകുറിച്ചി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്
ഹിന്ദു സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദുവായ, ഗാന്ധി ഘാതകന്‍ നാഥുറാം ഗോദ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.
അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമല്‍ഹാസന്‍ ഇങ്ങനെ പറഞ്ഞത്.
‘ഇവിടെ ഒരുപാട് മുസ്‌ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.