കെ. സുരേന്ദ്രന് വീണ്ടും കുരുക്ക്; 52 കാരിയെ തടയാന്‍ ഗൂഢാലോചന നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Kerala News
കെ. സുരേന്ദ്രന് വീണ്ടും കുരുക്ക്; 52 കാരിയെ തടയാന്‍ ഗൂഢാലോചന നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 2:53 pm

 

പത്തനംതിട്ട: ശബരിമലയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്. ചിത്തിര ആട്ടപൂജയ്ക്കായി ശബരിമല നടതുറന്നപ്പോള്‍ ദര്‍ശനത്തിനെത്തിയ 52 കാരിയെ തടഞ്ഞ സംഭത്തിലാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.

സന്നിധാനത്തിന് സമീപം വെച്ച് തൃശൂര്‍ സ്വദേശിനി ലളിതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.കേസില്‍ പ്രതിയായ സൂരജിന്റെ എഫ്.ബി പോസ്റ്റില്‍ നിന്ന് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്നാണ് പൊലീസ് പറയുന്നത്.

Also Read:ജഡ്ജി ലോയയെ കൊലപ്പെടുത്തിയത് റേഡിയോ ആക്ടീവ് ഐസോടോപ്പ് ഉപയോഗിച്ച്; അമിത് ഷായില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അഭിഭാഷകന്റെ ഹരജി

ഗൂഢാലോചന കുറ്റത്തിന് സുരേന്ദ്രനെതിരെ 120 ബി ചുമത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. സുരേന്ദ്രന് പുറമേ അഞ്ച് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വി.വി രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പുതിയ കേസോടെ സുരേന്ദ്രന്റെ ജയില്‍വാസം ഇനിയും നീളാനാണ് സാധ്യത. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.

എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സുരേന്ദ്രനെതിരെയുള്ളത്.

ഇപ്പോള്‍ കൊട്ടാരക്കര സബ് ജയിലിലാണ് കെ. സുരേന്ദ്രനുള്ളത്. കണ്ണൂരിലെ കേസുമായി ബന്ധപ്പെട്ട് നവംബര്‍ 26ന് സുരേന്ദ്രനെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നത് കുറേക്കൂടി നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ഇതിനിടെയാണ് പുതിയ കേസുകൂടി സുരേന്ദ്രനെതിരെ വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ കേസില്‍ കൂടി ജാമ്യമെടുത്താലേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ.