| Saturday, 16th November 2019, 10:55 am

ഒടുവില്‍ കോടതി ഇടപെടല്‍; പ്രളയസഹായമായി അനുവദിച്ച സബ്‌സിഡി തുക തട്ടിയെടുത്ത പാടശേഖര കമ്മിറ്റിയ്‌ക്കെതിരെ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി സര്‍ക്കാര്‍ അനുവദിച്ച സബ്സിഡി തുക കര്‍ഷകരുടെ ഒപ്പുകള്‍ വ്യാജമായി രേഖപ്പെടുത്തി  തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം തൃശ്ശൂര്‍ ജൂബിലി തേവര്‍ പാടശേഖര കമ്മിറ്റി ഭാരവാഹികളായ കെ.കെ കൊച്ചുമുഹമ്മദ്, എ.കെ അരവിന്ദാക്ഷന്‍, എ.രാമകൃഷ്ണന്‍ എന്നിവരെ യഥാക്രമം ഒന്നും, രണ്ടും, മൂന്നും പ്രതികളായി ചേര്‍ത്ത് ചേര്‍പ്പ് പൊലീസാണ് അന്വേഷണം ആരംഭിച്ചത്.

പോലീസില്‍ നല്‍കിയ പരാതി ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് FIR രേഖപ്പെടുത്താന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്നാണ് കര്‍ഷക സംരക്ഷണ സമിതി നേതാക്കള്‍ കോടതിയെ സമീപിച്ചത്. ഇതോടെയാണ് IPC 420 , 467 , 120 B , 34 എന്നീ വകുപ്പുകള്‍ പ്രകാരം കോടതി നിരീക്ഷണത്തില്‍ തന്നെ ചേര്‍പ്പ് പോലീസ് കേസെടുത്തത്.

കര്‍ഷകരെ കബളിപ്പിച്ച് പാടശേഖര കമ്മിറ്റി പണം തട്ടിയെടുത്ത വാര്‍ത്ത ഡൂള്‍ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മത്സ്യകൃഷിയ്ക്കായി സബ്സിഡിയിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഒരേക്കറിന് 3238 രൂപയും വെള്ളം കയറി മത്സ്യം നഷ്ടപ്പെട്ട ഇനത്തില്‍ ഒരേക്കറിന് വിതരണം ചെയ്ത 3220 രൂപയും മാസങ്ങള്‍ പിന്നിട്ടിട്ടും കര്‍ഷകസമിതികള്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്നില്ല.

ജില്ലയിലെ പന്ത്രണ്ടോളം കോള്‍പടവ്, പാടശേഖര കമ്മിറ്റികള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ പണവും പടവ് കമ്മിറ്റികളുടെ വിനിയോഗവും സംബന്ധിച്ച വിവരാവകാശരേഖകളില്‍ വന്‍ ക്രമക്കേടുകളാണ് പുറത്തുവന്നത്.

സര്‍ക്കാര്‍ ഡിസംബര്‍ മാസത്തില്‍ കര്‍ഷകന് നല്‍കിയ പ്രളയാനന്തര സഹായവും, മത്സ്യകൃഷി നശിച്ചതിന് ഫിഷറീസ് നല്‍കിയ നഷ്ടപരിഹാരവും മാസങ്ങള്‍ പിന്നിട്ടിട്ടും പാടശേഖരസമിതികള്‍ കര്‍ഷകന് നല്‍കിയില്ല എന്നത് മാത്രമല്ല ഒരറിയിപ്പ് പോലും കൊടുത്തില്ലെന്നും കര്‍ഷകര്‍ പറയുന്നു. മോട്ടോര്‍ സാമഗ്രികള്‍ നശിച്ചതിന്റെ പേരില്‍ റിപ്പയറിന് വേണ്ടി നിര്‍ധന കര്‍ഷകനില്‍ നിന്നും ഒരേക്കറിന് 1000 രൂപ വീതം പിരിക്കുകയും അതേസമയം സര്‍ക്കാര്‍ ഫണ്ട് ഈ ആവശ്യത്തിന് കൈപ്പറ്റുകയും ചെയ്തുവെന്നും കര്‍ഷകര്‍ പറയുന്നു.

ധാരാളം ഫണ്ടുകള്‍ സര്‍ക്കാരില്‍ നിന്ന് വന്നിട്ടുണ്ടെന്നും എന്നാല്‍ ഒന്നും കര്‍ഷകന് കമ്മിറ്റി വിതരണം ചെയ്യുന്നില്ലെന്നും കര്‍ഷകനും ജൂബിലി തേവര്‍ പടവ് കര്‍ഷകസംരക്ഷണസമിതി ചെയര്‍മാനുമായ അശോകന്‍ പൊറ്റേക്കാട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

‘എഞ്ചിന്‍ കൂലി എന്ന് പറഞ്ഞൊരു ഇനമുണ്ട്. കേരളത്തിലെവിടേയും ഇല്ലാത്ത അത്രയും തുക കര്‍ഷകന്റെ കൈയില്‍ നിന്നും പിരിച്ചിട്ടുണ്ട്. ഒരേക്കറിന് മൂവായിരം രൂപവെച്ച് പിരിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ ഫിഷറീസിന്റെ ഫണ്ട് വന്നിട്ടുണ്ട്. കൂടാതെ പ്രളയത്തിന്റെ ഫണ്ട് വന്നിട്ടുണ്ട്. ഇതൊക്കെ പിടിച്ചുവച്ചിട്ട് കൃഷിക്കാരന് ഒന്നും വിതരണം ചെയ്യുന്നില്ല.’

കര്‍ഷകദ്രോഹമായ നടപടി കമ്മിറ്റി സ്വീകരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും അദ്ദേഹം പറയുന്നു. ‘910 ഏക്കറാണ് ഇതിന്റെ മൊത്തം വിസ്തീര്‍ണ്ണം, 2400 ഏക്കറായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. നിലവിലുള്ള കമ്മിറ്റിയുടെ ശല്യം കാരണം ബാക്കിയുള്ള സ്ഥലത്തുള്ളവരെല്ലാം പോയി. തരിശുപടവ്, ഇഞ്ചംമുടി പടവ് തുടങ്ങിയവയൊക്കെ അങ്ങനെ പോയിട്ടുള്ളതാണ്. അവിടെയൊന്നും കൃഷിക്കാരന്റെ കൈയില്‍ നിന്ന് ഒരു കമ്മിറ്റിക്കാരും ഇത്രയും ഭീമമായ തുക ഈടാക്കുന്നില്ല. ‘-

തുക കൊടുക്കാന്‍ വൈകിയവരില്‍ നിന്നും പിഴയും, പിഴപ്പലിശയും പിരിക്കുകയും ചെയ്തുവെന്നും കര്‍ഷകര്‍ പറയുന്നു. കെ.കെ കൊച്ചുമുഹമ്മദ് നേതൃത്വം നല്‍കുന്ന കമ്മിറ്റിയ്ക്കെതിരെയാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ കെ.കെ കൊച്ചുമുഹമ്മദ് കെ.പി.സി.സി സംസ്ഥാന ട്രഷറര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രഥമസ്ഥാനീയനാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more