രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ 18 ഓളം കേസുകള്‍ ചുമത്തി യു.പി. പൊലീസ്
national news
രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ 18 ഓളം കേസുകള്‍ ചുമത്തി യു.പി. പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st June 2021, 12:20 pm

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പ് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്ത് യു.പി. പൊലീസ്. 18 കേസുകളാണ് മാധ്യമപ്രവര്‍ത്തകനായ വിനീത് നരേനും മറ്റ് രണ്ട് പേര്‍ക്കെതിരേയും എടുത്തിരിക്കുന്നത്.

വി.എച്ച്.പി. നേതാവിനെതിരെ വ്യാജ ആരോപണം ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇത് ‘രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നു എന്നുമാണ് മൂന്നുപേര്‍ക്കെതിരെയും ആരോപിക്കുന്ന കുറ്റം.

വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി) നേതാവും രാം ടെമ്പിള്‍ ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹോദരന്‍ സഞ്ജയ് ബന്‍സലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനായ വിനീത് നരേന്‍, അല്‍ക ലഹോതി, രജനിഷ് എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയത്.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 20 ലക്ഷം രൂപയ്ക്ക് വിറ്റ ഭൂമി മൂന്ന് മാസത്തിന് ശേഷം രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് 2.5 കോടി രൂപയ്ക്കാണ് വാങ്ങിയതെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാമക്ഷേത്ര സമുച്ചയം വരുന്നതിന് തൊട്ടടുത്ത് 890 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ദേവേന്ദ്ര പ്രസാദാചാര്യ എന്നയാളുടെ കൈവശമായിരുന്നു ഈ ഭൂമിയുടെ ഉടമസ്ഥാവകാശം.

ഫെബ്രുവരി 20 നാണ് ദീപ് നാരായണ്‍ എന്നയാള്‍, ദേവേന്ദ്രയില്‍ നിന്ന് ഭൂമി വാങ്ങിയത്. അയോധ്യ മേയറും ബി.ജെ.പി. നേതാവുമായ ഋഷികേഷ് ഉപാധ്യായയുടെ അനന്തരവനാണ് ദീപ് നാരായണ്‍. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ താനൊരു സജീവ ബി.ജെ.പി. പ്രവര്‍ത്തകനാണ് എന്നും ചേര്‍ത്തിട്ടുണ്ട്.

മേയ് 11 നാണ് ദീപ് നാരായണ്‍ സ്ഥലം രാമക്ഷേത്ര ട്രസ്റ്റിന് വില്‍ക്കുന്നത്. ഭൂമി വില 35.6 ലക്ഷം മാത്രമായി തുടരുന്ന സമയത്താണ് 2.5 കോടി രൂപയ്ക്ക് ട്രസ്റ്റ് സ്ഥലം വാങ്ങുന്നത്.

890 ചതുരശ്ര മീറ്റര്‍ സ്വത്ത് പ്രസാദാചാര്യയില്‍നിന്ന് നാരായണന്‍ വാങ്ങിയ ദിവസം, കോട്ട് രാംചന്ദ്രയിലെ മറ്റൊരു സ്ഥലം ക്ഷേത്ര ട്രസ്റ്റിന് ഒരു കോടി രൂപക്ക് ഇദ്ദേഹം വിറ്റിട്ടുണ്ട്. 27.08 ലക്ഷം രൂപ മാത്രമാണ് ഈ സ്ഥലത്തിന്റെ അടിസ്ഥാന വില. അനില്‍ മിശ്ര തന്നെയാണ് ഈ ഇടപാടിലെയും സാക്ഷിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 

രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് സമാജ് വാദി പാര്‍ട്ടിയും (എസ്.പി.) ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്.

മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.

രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്.

ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Case Against Journalist Who Accused Ram Temple Trust Member Of Land Grab