ലഖ്‌നൗ: പ്രവാചക നിന്ദയും വിദ്വേഷപ്രസംഗവും നടത്തിയതിന് അറസ്റ്റിലായ ഹിന്ദുത്വ സന്യാസിയുടെ വീഡിയോ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകനും ഹൈദരാബാദ് എം.പിക്കുമെതിരെ കേസെടുത്ത് പൊലീസ്. വിദ്വേഷ പ്രസംഗം നടത്തിയ യതി നരസിംഹാനന്ദിന്റെ ആശ്രമ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വ സന്യാസി നിലവില്‍ നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇയാളുടെ വീഡിയോ പങ്കുവെച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനുമായ സുബൈറിനെതിരെയും ഹൈദരാബാദ് എം.പി അസറുദ്ദീന്‍ ഉവൈസിക്കെതിരെയും കേസെടുത്തത്.
ആശ്രമ ജീവനക്കാരി നല്‍കിയ പരാതിയില്‍ കടുത്ത വകുപ്പുകളാണ് ഇരുവര്‍ക്കെതിരെയും പൊലീസ് ചുമത്തിയിരിക്കുന്നത്. സന്യാസിക്കെതിരെ പ്രകോപനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇയാളുടെ പഴയ വീഡിയോ പങ്കുവെച്ചുവെന്ന പേരിലാണ് മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തത്.
എന്നാല്‍ സെപ്റ്റംബര്‍ 29ന് ഇയാള്‍ പ്രവാചകന്റെ കോലം കത്തിക്കണമെന്ന് പറഞ്ഞ വീഡിയോ ഈ മാസം മൂന്നിന് സുബൈര്‍ പങ്കുവെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ബി.എന്‍.എസ് പ്രകാരം സെക്ഷന്‍ 196, 228, 299, 356 (3), തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
വീഡിയോ പ്രചരിച്ചതോടെ യതിക്കെതിരെ വ്യാപകമായി പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഉവൈസി ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഗാസിയാബാദ് പൊലീസിന്റെ നടപടി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാവ് മൗലാന അര്‍ഷദ് മദനിക്കെതിരെയും ഗാസിയാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ദസറ ദിനത്തില്‍ കോലം കത്തിക്കുന്നുണ്ടെങ്കില്‍ പ്രവാചകന്റെ കോലം കത്തിക്കണമെന്ന യതി നരസിംഹാനന്ദിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പ്രതിഷേധം കനക്കുകയും പരാതികളുയരുകയും ചെയ്തിരുന്നു. യു.പിയില്‍ ഉള്‍പ്പെടെ മഹാരാഷ്ട്ര, തെലങ്കാന തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഇയാള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും ഉണ്ടായിരുന്നു. പിന്നാലെ പ്രതിഷേധം കനത്തതോടെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
Content Highlight: case against journalist and uwaisi who shared video of hinduwa saint who said to burn prophet’s effigy