| Saturday, 13th November 2021, 7:55 pm

മാസ്‌ക് ധരിക്കാത്തതിന് ജോജു ജോര്‍ജിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി : കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് നടപടി. മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പിഴയായി ജോജു 500 രൂപ അടക്കണം.

സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജി.എല്‍ പെറ്റി കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറയുന്നു. ആ ദിവസങ്ങളില്‍ ജോജു സ്റ്റേഷനില്‍ പിഴ അടച്ചില്ലെന്നും കോടതിയിലും അടച്ചില്ലെങ്കില്‍ മറ്റ് നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

അതേസമരം, ഉപരോധ സമരത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാണ്.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന സമരത്തിനെതിരെ ജോജു ജോര്‍ജ് പരസ്യമായി രംഗത്തെത്തുകയും ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തകര്‍ക്കുകയായിരുന്നു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Case against Jojo George for not wearing a mask

We use cookies to give you the best possible experience. Learn more