| Tuesday, 7th January 2020, 10:35 am

ജെ.എന്‍.യു അക്രമം; ഐഷേ ഗോഷിനും 19 വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷെ ഗോഷിനും മറ്റ് 19 പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് ദല്‍ഹി പൊലീസ്. ജനുവരി 4 ന് സര്‍വകലാശാലയിലെ സെര്‍വര്‍ മുറി നശിപ്പിച്ചെന്നാരോപിച്ചാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.

ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് നടത്തിയതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ കമ്പ്യൂട്ടര്‍ സെര്‍വര്‍ മുറി തകര്‍ത്തെന്നും സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന്‍ പരാതിയില്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടാണ് എഫ്.ഐ.ആര്‍.

ജനുവരി 3, ജനുവരി 4 ദിവസങ്ങളിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സെക്യൂരിറ്റി ഗാര്‍ഡുകളെ ആക്രമിച്ചതിനും സെര്‍വര്‍ റൂമിന് കേടുപാടുകള്‍ വരുത്തിയതിനും ഐഷേ ഗോഷിനും പത്തൊന്‍പത് പേര്‍ക്കുമെതിരെയാണ് എഫ്.ഐ.ആര്‍ ഇട്ടത്.

ഞായറാഴ്ച രാത്രിയില്‍ ജെ.എന്‍.യുവില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റി അംഗങ്ങളും ഉള്‍പ്പെടെ 34 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ ഐഷേ ഗോഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

എന്നാല്‍ ജെ.എന്‍.യുവിലെ അക്രമം നിയന്ത്രിക്കാനോ മുഖംമൂടി സംഘത്തില്‍പ്പെട്ട ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനോ സാധിക്കാത്ത ദല്‍ഹി പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐഷേ ഗോഷിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തുകൊണ്ടുള്ള ദല്‍ഹി പൊലീസിന്റെ നടപടി.

ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒരിഞ്ച് പുറകോട്ടില്ലെന്ന് ഐഷെ ഗോഷ് അറിയിച്ചിരുന്നു. അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അക്രമത്തില്‍ സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി സതീഷിനും പരിക്കേറ്റിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിച്ചത്. മുഖംമറച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ മാരകായുധങ്ങളുമായി ആക്രമിച്ചത്.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ഗുണ്ടാ അക്രമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് സര്‍വ്വകലാശാല, പൂനൈ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട്, ജാദവ് പൂര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഞായറാഴ്ച്ച രാത്രി തന്നെ പ്രതിഷേധവുമായി തെരുവുകളില്‍ അണിനിരന്നു.

അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മകളെ സമരമുഖത്തു നിന്ന് തിരികെ വിളിക്കില്ലെന്ന് ഐഷേ ഗോഷിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more