| Wednesday, 7th November 2018, 8:52 pm

സംഘര്‍ഷമുണ്ടാക്കാന്‍ വ്യാജവാര്‍ത്ത; ജനം ടി.വിയ്‌ക്കെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ജനം ടി.വിയ്‌ക്കെതിരെ കേസെടുത്തു. എടത്തല പാലാഞ്ചേരി മുകള്‍ തേജസില്‍ ശശികല റഹീമിന്റെ പരാതിയിലാണ് കേസെടുത്തത്.

ശശികല റഹീം റൂറല്‍ ജില്ലാ പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എടത്തല പൊലീസ് കേസെടുത്തത്.

ശശികലയുടെ മരുമകള്‍ ശബരിമലയ്ക്ക് പോയെന്ന വ്യാജവാര്‍ത്തയാണ് ജനം ടി.വി നവംബര്‍ നാലിന് സംപ്രേഷണം ചെയ്തതെന്ന് എടത്തല എസ്ഐ അരുണ്‍ പറഞ്ഞു. മരുമകളെ സ്വീകരിക്കാന്‍ ശശികല പമ്പയിലേക്ക് പോയെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

ALSO READ: മോദി നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കില്‍ അദ്ദേഹം അവതാരപുരുഷനാണ്: വത്സന്‍ തില്ലങ്കേരി (വീഡിയോ)

സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വാര്‍ത്ത പ്രചരിപ്പിച്ച കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയസെക്രട്ടറിയാണ് ശശികല റഹിം.

തനിക്കെതിരെ ജനം ടി.വി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണെന്ന് ശശികല വാര്‍ത്ത പുറത്തുവന്ന നിമിഷം തന്നെ പറഞ്ഞിരുന്നു.

“താനോ തന്റെ കുടുംബമോ അറിയാത്ത കാര്യമാണ്. മരുമകള്‍ ഒരു മാസമായി അവളുടെ വീട്ടിലാണ്. അവളെ വിളിച്ചപ്പോള്‍ അവള്‍ക്കും ഇതിനെപ്പറ്റി ഒന്നുമറിയില്ല. അവിടുത്തെ യുക്തിവാദി സംഘത്തിലെ ആളുകളുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു തീരുമാനം അവര്‍ എടുത്തിട്ടില്ല. അത് ഞങ്ങള്‍ക്ക് പോകാനുള്ള സ്ഥലമല്ല എന്നായിരുന്നു അവരുടെ മറുപടി” എന്നും ശശികല റഹിം പറഞ്ഞിരുന്നു.

ALSO READ: എന്തിനാണ് ഭക്തരായ സ്തീകളെ അയ്യപ്പസന്നിധിയില്‍ നിന്നും അകറ്റിനിര്‍ത്തുന്നത്; ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഒ രാജഗോപാല്‍ എഴുതിയ ലേഖനം പുറത്ത്

നേരത്തേ ശബരിമലയിലേക്ക് ദര്‍ശനത്തിനായി യുവതികളെ അയക്കാന്‍ സി.പി.ഐ.എം നേതാക്കള്‍ വീടുകള്‍ തോറും പ്രചരണം നടത്തുന്നു എന്ന ജനം ടി.വിയുടെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ.എമ്മും വ്യക്തമാക്കിയിരുന്നു.

ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴാണ് വ്യാജവാര്‍ത്തയുമായി ബി.ജെ.പിയുടെ ചാനലായ ജനം ടി.വി രംഗത്തെത്തിയത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more