സുവര്‍ണ ക്ഷേത്രത്തില്‍ യോഗ; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസ്
അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിന് സമീപത്തായി യോഗ പരിശീലിച്ചതില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ എഫ്.ഐ.ആര്‍. ഇന്‍ഫ്‌ളുവന്‍സറും ഫാഷന്‍ ഡിസൈനറുമായ അര്‍ച്ചന മക്വാനക്കെതിരെയാണ് കേസ്. സുവര്‍ണ ക്ഷേത്രത്തിലെ സരോവരത്തിന്റെ തീരത്തായാണ് യുവതി യോഗ പരിശീലിച്ചത്.
സിഖുകാരുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് എഫ്.ഐ.ആര്‍. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഗോള്‍ഡന്‍ ടെമ്പിള്‍ ജനറല്‍ മാനേജര്‍ ഭഗവന്ത് സിങ് ധംഗേര നല്‍കിയ പരാതിയിലാണ് നടപടി.
സിറ്റി പൊലീസാണ് അര്‍ച്ചന മക്വാനക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295-എ (ഏതൊരു വിഭാഗത്തിന്റെയും മതവികാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ട് ബോധപൂര്‍വം നടത്തുന്ന പ്രവൃത്തികള്‍) പ്രകാരമാണ് എഫ്.ഐ.ആര്‍.
യോഗയുടെ ദൃശ്യങ്ങള്‍ യുവതി മനഃപൂര്‍വം പരസ്യപ്പെടുത്തിയതാണെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ അര്‍ച്ചന മക്വാന ഗുജറാത്ത് സ്വദേശിയാണെന്നും ധംഗേര സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ക്ഷേത്രത്തിലെ രണ്ട് ജീവനക്കാരെ പര്‍ബന്ധക് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. കൂടാതെ മറ്റൊരു ജീവനക്കാരന് 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
യോഗയുടെ ദൃശ്യങ്ങള്‍ ജൂണ്‍ 21ന് തന്റെ സോഷ്യല്‍ മീഡിയ ഫ്ലാറ്റ്‌ഫോമുകളിലൂടെ അര്‍ച്ചന മക്വാന പങ്കുവെച്ചിരുന്നു. ഇത് നിമിഷങ്ങള്‍ക്കകം ചര്‍ച്ചയാവുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
പിന്നാലെ വിഷയത്തില്‍ മക്വാന ക്ഷമാപണം നടത്തുകയും സമൂഹ മാധ്യമങ്ങളില്‍ നിന്ന് യോഗാസനങ്ങളുടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയുമുണ്ടായി. തന്റെ പ്രവൃത്തി ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്നും യുവതി പ്രതികരിച്ചു.
Content Highlight: Case against Instagram influencer for practicing yoga in Golden Temple