| Friday, 29th April 2022, 8:43 am

മാനസികമായും ശാരീരികമായുമുള്ള പീഡനം; റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്. കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്.

മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരനാട്ടില്‍വീട്ടില്‍ റിഫ ഷെറിന്‍ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്ലോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്.

റിഫയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്നാണു സംസ്‌കരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്.പി എ.ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

റിഫയുടെ മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഒന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്പനിയില്‍ ജോലിക്കായി മെഹ്നാസിനൊപ്പം ദുബായിലെത്തിയത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്.

CONTENT HIGHLIGHTS: Case against husband Mehnaz in Rifa’s death

We use cookies to give you the best possible experience. Learn more