ചണ്ഡീഗഡ്: ദേര സച്ഛാ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിനെതിരെയായ കേസുകളില്‍ വിചാരണ ആരംഭിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ അനുമതി. ഗുര്‍മീത് റാം റഹീമിനെതിരായ കേസുകളില്‍ ഉടന്‍ വിചാരണ തുടരണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അനുമതി നല്‍കിയതായി അറിയിച്ചത്.
ഇയാള്‍ ഉള്‍പ്പെട്ട കേസുകളിലെ വിചാരണയ്ക്ക് പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ നേരത്തെ സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഹൈക്കോടതി നടപടികള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി വിചാരണ ആരംഭിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ നാലാഴ്ചക്കുള്ളില്‍ കേസ് പരിഗണിക്കാനും വിചാരണ തുടരാനും ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ ഉത്തരവിടുകയായിരുന്നു.
സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ ഇയാള്‍ക്കെതിരെ വിചാരണ തുടരണമെന്നായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പിന്നാലെ സുപ്രീം കോടതി വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു.
അതേസമയം പഞ്ചാബിലെ ബജാഖാന പൊലീസ് സ്റ്റേഷനില്‍ ഗുര്‍മീതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിചാരണ സ്റ്റേ ചെയ്യാണമെന്നായിരുന്നു ഹൈക്കോടതികളില്‍ പ്രതി ആവശ്യപ്പെട്ടിരുന്നത്.
സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിന്റെ ഗ്രന്ഥത്തെ അവഹേളിക്കുകയും കാണാതാവുകയും ചെയ്തിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
2021 ഡിസംബറില്‍, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം അവഹേളിച്ചതുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റാം റഹീം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ നീതിയുക്തവും സത്യസന്ധവുമായ അന്വേഷണം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതും വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതും.
രണ്ട് കൊലപാതക കേസുകളിലും ബലാത്സംഗ കേസിലും പ്രതിയായ ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുകയും 4 വര്‍ഷത്തിനിടെ നിരവധി കുറ്റങ്ങളില്‍ ഇയാളെ 15 തവണ ശിക്ഷിച്ചിട്ടുമുണ്ട്.
ആള്‍ദൈവം ഗുര്‍മീത് റാം സിങ് നിലവില്‍ തന്റെ രണ്ട് ശിഷ്യന്മാരെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയിലാണ്. കൂടാതെ രണ്ട് കൊലപാതക കേസുകളില്‍ ജീവപര്യന്തത്തിനും ഇയാളെ ശിക്ഷിച്ചിട്ടുണ്ട്.
Content Highlight: Case against godman Gurmeet Ram Rahim; Punjab Chief Minister’s permission to continue the trial