| Saturday, 2nd November 2019, 8:48 am

ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസ്; അന്വേഷണം ആരംഭിച്ചതായി സി.ഐയും എസ്.ഐയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പൊതുതാത്പര്യ പ്രവര്‍ത്തകന്‍ അപര്‍ണ്ണയില്‍ ആഷിഷ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്ന് ആവശ്യമായ നടപടി സ്വീകരിക്കുക എന്ന നിര്‍ദേശത്തോടെ പരാതി ആലത്തൂര്‍ പൊലീസിന് നല്‍കുകയായിരുന്നു. ഫിറോസ് സ്ഥിരമായി ഇവിടെ താമസിക്കുന്നതിനാലാണ് ആലത്തൂരില്‍ കേസെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫിറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച യുവതിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഷിഷ് പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ചതായി സി.ഐ ബോബിന്‍ മാത്യുവും എസ്.ഐ എം.ആര്‍ അരുണ്‍കുമാറും പറഞ്ഞു.

നേരത്തെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്‌ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു.

വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നും വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്‌ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.

താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയില്‍ ഉള്ളതെന്നും ജസ്‌ല പറഞ്ഞിരുന്നു.

സംഭവത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ മാപ്പ് പറഞ്ഞിരുന്നു. വേശ്യാ പരാമര്‍ശം പ്രത്യേക മാനസികാവസ്ഥയില്‍ വന്നുപോയതാണെന്നും അത്തരമൊരു വാക്ക് താന്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നെന്നും ഫിറോസ് പറഞ്ഞു.

ആ സമയത്തെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെങ്കിലും ആ വാക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ എന്നെ വിളിച്ചു. ദേഷ്യം അടങ്ങിയപ്പോള്‍ എനിക്കും തോന്നി ആ വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന്.

ആരെയാണെങ്കിലും നമുക്ക് വ്യക്തിപരമായി പറയാന്‍ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വിഷമം തോന്നിയവരോട് മാപ്പ് പറയുകയാണ്. – ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more