തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. ജയരാജനെതിരായ എഫ്.ഐ.ആര്‍ കോടതി സ്വീകരിച്ചു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ച്ചത്തെ സമയമാണ് തേടിയിരിക്കുന്നത്. വിജിലന്‍സിന്റെ ഈ ആവശ്യം അംഗീകരിച്ച കോടതി തുടരന്വേഷണത്തിനു അനുമതി നല്‍കുകയായിരുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. ഇന്നലെ കോടതിയില്‍ ജയരാജനെ ഒന്നാം പ്രതിയാക്കി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എം.പിയുടെ മകന്‍ മകന്‍ സുധീര്‍ നമ്പ്യാര്‍ കേസിലെ രണ്ടാം പ്രതിയും അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.
മന്ത്രിയായിരിക്കെ ജയരാജന്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചെന്നാണ് പരാതി.
പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.
ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. സുധീര്‍ നമ്പ്യാരെ നിയമിച്ചതിന് ന്യായീകരണമായി ജയരാജന്‍ നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു നിയമനമെന്ന് ജയരാജന്‍ വാദിച്ചിരുന്നുവെങ്കിലും നിയമനം താന്‍ അറിഞ്ഞില്ലെന്ന നിലപാടിലായിരുന്നു പിണറായി. പിന്നീട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ജയരാജന്‍ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു.
ജയരാജനെതിരായ പരാതിയില്‍ ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സ് അതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നത്. ഗുഢാലോചന സംബന്ധിച്ച 120(ബി) വകുപ്പും ചുമത്തിയിട്ടുണ്ട്.
രണ്ടു തവണ സമയം നീട്ടിച്ചോദിച്ച ശേഷമാണ് വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.