| Sunday, 22nd October 2023, 9:51 am

ഇഫ്‌ലുവിലെ ലൈംഗിക അതിക്രമത്തിനെതിരെ പ്രതിഷേധം: മലയാളികള്‍ ഉള്‍പ്പെടെ 11 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഇഫ്‌ലു കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കേസെടുത്ത 11 വിദ്യാര്‍ത്ഥികളില്‍ ആറ് പേര്‍ മലയാളികളാണ്. 152, 153എ (കലാപാഹ്വാനം, കലാപശ്രമം) എന്നി വകുപ്പുകള്‍ പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒന്നിലധികം വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരാണ് ക്യാംപസില്‍ പ്രതിഷേധം നടത്തിയത്. ബുധനാഴ്ച രാത്രിയോടെയാണ് പി.ജി വിദ്യാര്‍ത്ഥിയെ രണ്ട് പേര്‍ ശാരീരികമായും ലൈംഗികമായും ആക്രമിക്കുന്നത്. എന്നാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ക്യാംപസ് അധികൃതര്‍ ഇടപെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയത്.

തന്നെ തടഞ്ഞുവെച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും അപായപ്പെടുത്താനെന്ന ഉദ്ദേശത്തോടെ വസതിക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയെന്നും ആരോപിച്ചാണ് സര്‍വകലാശാല പ്രോക്ടര്‍ ടി. സാംസണ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 11 വിദ്യാര്‍ത്ഥികള്‍ ആക്രമം നടത്താന്‍ മറ്റ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

അതേസമയം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കാനിരുന്ന എം.എസ്.എഫ് (മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന്‍) വിദ്യാര്‍ത്ഥികള്‍ക്കെതിരെയും അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്താന്‍ വേണ്ടിയാണ് പരിപാടി നടത്താന്‍ തീരുമാനിച്ചതെന്നും ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കല്‍ ദേശീയ താല്പര്യത്തിന് എതിരെയുള്ള കാര്യങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പരാതി നല്‍കിയത്. പഠ്യേതര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാത്തതിനാല്‍ പരിപാടി നടത്താനുള്ള അനുവാദം കൊടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ദേശീയ ക്യാംപസുകളിലും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും എം.എസ്.എഫ് വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥിനി സര്‍വകലാശാല അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാതിരിക്കുകയും തുടര്‍ന്നുണ്ടായ പ്രതിഷേധം എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ മൂലമാണ് ഉണ്ടായതെന്നും ആരോപിച്ച് കേസ് വഴിത്തിരിച്ചു വിട്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുക്കുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതില്‍ ക്യാംപസില്‍ പ്രതിഷേധം തുടരുന്നു.

ഇല്ലാത്ത കാരണങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത നടപടിക്കെതിരെ ശക്തമായി എതിര്‍ക്കുമെന്നും കേസിലുള്‍പ്പെട്ട മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുമെന്നും എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ പി.വി അഹമ്മദ് സാജു, ജനറല്‍ സെക്രട്ടറി എസ്.എച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു.

ലിംഗനീതിക്കും അക്രമരഹിത ക്യാംപസിനും വേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് എസ്.എഫ്.ഐ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി നല്‍കിയ പരാതി പരിഗണിക്കാതെ നീതിക്കായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത് അടിയന്തരമായി പിന്‍വലിക്കണമെന്നും വി.സിയും. പ്രോക്ടറും സ്ഥാനമൊഴിയണമെന്നും എസ്.എഫ് ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു

Content Highlight: Case against EFLU student protest

We use cookies to give you the best possible experience. Learn more