| Wednesday, 23rd October 2019, 6:53 pm

സ്ത്രീകളെ അപമാനിച്ചു; മഞ്ജു വാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.

സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസമാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഡി.ജി.പിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതിയിലുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും പരാതിയില്‍ മഞ്ജു ആരോപിക്കുന്നുണ്ട്.

അതേസമയം പൊലീസില്‍ പരാതി നല്‍കിയ വിഷയത്തില്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ശ്രീകുമാര്‍ മേനോന്‍ നടത്തിയത്.

ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം മഞ്ജു മറന്നുപോയെന്നുമൊക്കെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ വാദങ്ങള്‍.

We use cookies to give you the best possible experience. Learn more