ഫോണ്‍ ചോര്‍ത്തല്‍: ദേശാഭിമാനി ബ്യൂറോ ചീഫിനെതിരെ കേസ്
Kerala
ഫോണ്‍ ചോര്‍ത്തല്‍: ദേശാഭിമാനി ബ്യൂറോ ചീഫിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th September 2012, 5:15 am

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മോഹന്‍ദാസിനെതിരെ പോലീസ് കേസെടുത്തു. സെപ്റ്റംബര്‍ 10ന് വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി.വൈ.എസ്.പി മുമ്പാകെ ഹാജരാകാന്‍ പ്രത്യേക ദൂതന്‍ മുഖേന മോഹന്‍ദാസിന് നോട്ടീസ് നല്‍കി.[]

ടി.പി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന വാര്‍ത്ത ദേശാഭിമാനിയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മോഹന്‍ദാസിനെതിരെ കേസെടുത്തത്.

ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ദേശാഭിമാനിക്കെതിരെ നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു. ടി.പി വധക്കേസിലെ അന്വേഷണ സംഘത്തില്‍പ്പെട്ട ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ ഫോണ്‍വിവരങ്ങള്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോര്‍ത്തുകയും ദേശാഭിമാനി പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നാണ് കേസ്.

മാധ്യമപ്രവര്‍ത്തകരുമായി ജോസി ചെറിയാന്‍ 3000 തവണ ബന്ധപ്പെട്ടെന്നായിരുന്നു ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ജോസി ചെറിയാന്റേതിന് പുറമേ അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി എ.പി ഷൗക്കത്തലിയുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഫോണ്‍ ചോര്‍ത്തിയത് ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം തടസ്സപ്പെടുത്താനാണെന്ന് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം മോഹന്‍ദാസിനെതിരെ കേസെടുത്ത നടപടി സ്വതന്ത്രമാധ്യമപ്രവര്‍ത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും സി.പി.ഐ.എം നേതാക്കള്‍ വ്യക്തമാക്കി. പത്രവാര്‍ത്തയുടെ പേരില്‍ മോഹന്‍ദാസിനെതിരെ പോലീസ് കേസെടുത്തതില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും പ്രതിഷേധിച്ചു. പല ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത് പത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഇതില്‍ നിന്ന് പോലീസ് പിന്തിരിയണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.സി രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം ബി.എസ്.എന്‍.എല്‍ ഓഫീസിലെ ജൂനിയര്‍ അക്കൗണ്ടന്റ് ആര്‍.എസ് സനല്‍കുമാറാണ് തന്റെ ഐഡി ഉപയോഗിച്ച് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.