'സ്വാതന്ത്ര്യ സമര സേനാനിയായ മുത്തച്ഛനെ അപമാനിച്ചു'; രാഹുലിനെതിരെ പരാതിയുമായി സവര്‍ക്കറുടെ കൊച്ചുമകന്‍
national news
'സ്വാതന്ത്ര്യ സമര സേനാനിയായ മുത്തച്ഛനെ അപമാനിച്ചു'; രാഹുലിനെതിരെ പരാതിയുമായി സവര്‍ക്കറുടെ കൊച്ചുമകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2022, 10:00 pm

 

മുംബൈ: ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കറും ശിവസേന എം.പി രാഹുല്‍ ഷെവാലെയും നല്‍കിയ പരാതികളിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സ്വാതന്ത്ര്യ സമര സേനാനിയായ മുത്തച്ഛനെ രാഹുല്‍ അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലും കോണ്‍ഗ്രസും സവര്‍ക്കറെ അപമാനിക്കുന്നത് ഇതാദ്യമല്ലെന്നും രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

മഹാരാഷ്ട്ര കോണ്‍ഗ്രസ് തലവന്‍ നാന പട്ടോളക്കെതിരെയും ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് കേസെടുക്കണമെന്ന് രഞ്ജിത് ആവശ്യപ്പെട്ടു. പരാതിയില്‍ കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും കേസ് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഭാരത് ജോഡോ യാത്രക്ക് വേണ്ടത്ര പബ്ലിസിറ്റി ലഭിക്കാത്തതിനാല്‍ ജനശ്രദ്ധ നേടാനാണ് രാഹുല്‍ ഗാന്ധി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

അതേസമയം, സവര്‍ക്കര്‍ക്കെതിരെയുള്ള തന്റെ വിമര്‍ശനം രാഹുല്‍ ഗാന്ധി ഇന്നും ആവര്‍ത്തിച്ചിരുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതി കൊടുത്ത മാപ്പപേക്ഷയുടെ പകര്‍പ്പ് എടുത്ത് കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മഹാരാഷ്ട്രയില്‍ ഭാരത് ജോഡോ യാത്രക്കിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും വല്ലഭായ് പട്ടേലും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. എന്നിട്ടും അവര്‍ മാപ്പപേക്ഷിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ‘സര്‍, അങ്ങയുടെ ഏറ്റവും അനുസരണയുള്ള സേവകനായി തുടരാന്‍ ഞാന്‍ അപേക്ഷിക്കുന്നു’ എന്നെഴുതി സവര്‍ക്കര്‍ ഒപ്പിട്ടുനല്‍കി,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സവര്‍ക്കര്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രതീകമാണെന്നും രണ്ട് മൂന്ന് വര്‍ഷം ആന്‍ഡമാനില്‍ ജയിലില്‍ കിടന്നപ്പോള്‍ ദയാഹര്‍ജി എഴുതാന്‍ തുടങ്ങിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

CONTENT HIGHLIGHT: Case against Congress leader Rahul Gandhi  for insulting Hindutva leader V.D. Savarkar