കണ്ണൂര്‍: സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്റെ പങ്കാളിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കേസ്. തിരുവനന്തപുരം ഡി.സി.സി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്.
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ. ഇന്ദിര ഇരിക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി.
കലാപശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കോണ്‍ഗ്രസ് നേതാവ് ജോസഫ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ. ഇന്ദിര പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
യഥാര്‍ത്ഥത്തില്‍ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയത് കേന്ദ്ര മന്ത്രി പ്രതിമ ഭൗമിക് ആണ്. പ്രതിമയുടെ തല വെട്ടിമാറ്റി ഇന്ദിരയുടെ മുഖം വെച്ചുകൊണ്ടാണ് വ്യാജ പ്രചരണം നടത്തിയത്.
ഇതിനെതിരെ ഇ.പി. ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. വ്യാജ പ്രചാരണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പങ്കുണ്ടെന്ന് ജയരാജന്‍ ആരോപിച്ചു.
തനിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ വി.ഡി. സതീശന്റെ പക്കല്‍ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നെന്നും അതിനുപിന്നാലെയാണ് വ്യാജ ഫോട്ടോ പ്രചരിക്കാന്‍ തുടങ്ങിയതെന്നും ഇ.പി. ജയരാജന്‍ ചൂണ്ടിക്കാട്ടി.
വി.ഡി. സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും നമ്മുടെ കഷ്ടകാലത്താണ് ഇത്തരത്തിലുള്ള ഒരു പ്രതിപക്ഷ നേതാവ് കേരളത്തില്‍ ഉണ്ടായതെന്നും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു.
Content Highlight: Case against Congress leader on the complaint of EP Jayarajan’s partner