കേന്ദ്ര സര്‍ക്കാരിനെതിരായ കേസ്; സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് നല്‍കിയത് ഒരുകോടിയോളം രൂപ
Kerala News
കേന്ദ്ര സര്‍ക്കാരിനെതിരായ കേസ്; സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് നല്‍കിയത് ഒരുകോടിയോളം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 9:04 am

തിരുവനന്തപുരം: സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കേസില്‍  അഭിഭാഷകര്‍ക്ക് വേണ്ടി അനുവദിച്ചത് ഒരു കോടിയോളം രൂപ. നിയമസഭയില്‍ മന്ത്രി പി. രാജീവാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ അവതരിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കിയതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിന് വേണ്ടി നല്‍കിയ തുകയുടെ വിവരങ്ങളാണ് പി. രാജീവ് നിയമസഭയില്‍ അവതരിപ്പിച്ചത്. കപില്‍ സിബല്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്ക് പുറമേ മുതിര്‍ന്ന അഭിഭാഷകനായ വി. മനുവുമാണ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

ഇവരില്‍ കപില്‍ സിബലിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. കപില്‍ സിബലിന് മാത്രം 90 ലക്ഷത്തിലധികം തുകയാണ് വക്കീല്‍ ഫീസായി നല്‍കിയത്. നാല് തവണയായാണ് അദ്ദേഹത്തിന് 90 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലിന് ഒരു സിറ്റിങ്ങിന് 40,000 രൂപ എന്ന നിലയ്ക്ക് ആറ് തവണയായി രണ്ട് ലക്ഷത്തിലധികം രൂപയാണ് നല്‍കിയത്. ഇതിന് പുറമേ യാത്ര ചെലവിനായി ഒരു ലക്ഷത്തോളം രൂപയാണ് നല്‍കിയത്.

ഇവരില്‍ ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് അഭിഭാഷകനായ വി. മനുവിനാണ്. യാത്രാബത്തയിനത്തില്‍ 3000 രൂപ മാത്രമാണ് അദ്ദേഹത്തിന് അനുവദിച്ചത്.

തൃപ്പൂണിത്തുറ എം.എല്‍.എ കെ. ബാബു നിയമസഭയില്‍ സമര്‍പ്പിച്ച ചോദ്യത്തിനാണ് മന്ത്രി പി. രാജീവ് മറുപടി നല്‍കിയത്.

Content Highlight: Case against Central Government; The state government has given lawyers around One crore Rs