കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ പ്രസംഗം: ബി.ജെ.പി നേതാവ് സഞ്ജയ് പാട്ടീലിനെതിരെ കേസ്
Karnataka Election
കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ പ്രസംഗം: ബി.ജെ.പി നേതാവ് സഞ്ജയ് പാട്ടീലിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th April 2018, 11:09 am

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനെ ബി.ജെ.പി നേതാവ് സഞ്ജയ് പാട്ടീലിനെതിരെ കേസ്. കര്‍ണാടക തെരഞ്ഞെടുപ്പു ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മിലുള്ള പോരാട്ടമാണെന്ന് പാട്ടീല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 പ്രകാരവും ഐ.പി.സി 153എ, 295 എ പ്രകാരവുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

കര്‍ണാടക തെരഞ്ഞെടുപ്പ് ഹിന്ദുവും മുസ്‌ലിമും തമ്മിലാണെന്നാണ് സഞ്ജയ് പാട്ടീല്‍ പറഞ്ഞത്. ബെലാഗവിയില്‍ സംസാരിക്കവേയാണ് അദ്ദേഹം വിവാദപ്രസ്താവന നടത്തിയത്.


Also Read: ‘സെവാഗാണ് എന്നെ രക്ഷിച്ചത്’; വെടിക്കെട്ട് പ്രകടനത്തിനു പിന്നാലെ സെവാഗിനു നന്ദി പറഞ്ഞ് ഗെയ്ല്‍


“ഈ തെരഞ്ഞെടുപ്പ് റോഡുകളെക്കുറിച്ചും വെള്ളത്തെക്കുറിച്ചുമല്ല. ഈ തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലാണ്. രാമക്ഷേത്രവും ബാബരി മസ്ജിദും തമ്മിലാണ്.” – എന്നായിരുന്നു പരാമര്‍ശം. വടക്കന്‍ കര്‍ണാടകയിലെ ബെലാഗവിയിലെ എം.എല്‍.എയാണ് സഞ്ജയ്. പാട്ടീലിന്റെ കമന്റ് ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ വിവാദമുണ്ടാക്കിയിട്ടുണ്ട്.

സമാന പ്രസ്താവന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ മറ്റൊരു ബി.ജെ.പി എം.എല്‍.എയും നടത്തിയിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് ഇസ്ലാമും ഭഗവാനും തമ്മിലായിരിക്കുമെന്നാണ് ശനിയാഴ്ച ഉത്തര്‍പ്രദേശ് മണ്ഡലമായ ബൈരിയയിലെ എം.എല്‍.എ സുരേന്ദ്ര സിങ് പറഞ്ഞത്.