ഷിംല: ഹിമാചല്‍ പ്രദേശില്‍ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനും യുവതിയെ ഭീഷണിപ്പെടുത്തിയതിനുമാണ് എം.എല്‍.എ ഹന്‍സ് രാജിനെതിരെ കേസെടുത്തത്. ബി.ജെ.പി പ്രവര്‍ത്തകന്റെ മകള്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഹന്‍സ് രാജ് ഒറ്റക്ക് കാണണമെന്ന് പറഞ്ഞുവെന്നും നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് 20കാരി പരാതിയില്‍ പറയുന്നത്. തന്റെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ എം.എല്‍.എ ഭീഷണിപ്പെടുത്തുന്നതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.
തന്റെ പിതാവ് ബി.ജെ.പിയുടെ ബൂത്ത് ലെവല്‍ നേതാവാണെന്നും തന്റെ പക്കല്‍ രണ്ട് സെല്‍ഫോണുകളുണ്ടെന്നും അതിലൊന്ന് എം.എല്‍.എയും കൂട്ടരും ചേര്‍ന്ന് നശിപ്പിച്ചുവെന്നും യുവതി പറയുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് ഹന്‍സ് രാജിനെതിരെ ചമ്പ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇന്നലെ (തിങ്കളാഴ്ച)യാണ് ബി.ജെ.പി എം.എല്‍.എക്കെതിരെ കേസെടുത്ത വിവരം പുറത്തുവരുന്നത്.
സംഭവത്തില്‍ പ്രാദേശിക മജിസ്ട്രേറ്റിന് മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്നാല്‍ കേസെടുത്തതില്‍ ഹന്‍സ് രാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജയ് റാം താക്കൂര്‍ ഹന്‍സ് രാജിനെതിരായ കേസ് ഗൗരവമുള്ള വിഷയമാണെന്ന് പ്രതികരിച്ചു.
‘എഫ്.ഐ.ആര്‍ പ്രകാരമുള്ള എല്ലാ വിവരങ്ങളിലും പരിശോധന നടത്തും. എം.എല്‍.എ ഹന്‍സ് രാജ് എന്നെ വിളിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ എല്ലാ വശങ്ങളും കാണേണ്ടതുണ്ട്,’ ഹിമാചല്‍ പ്രദേശിലെ പ്രതിപക്ഷ നേതാവ് കൂടിയായ താക്കൂര്‍ പറഞ്ഞു.
ചമ്പ ജില്ലയിലെ ചുരയില്‍ നിന്ന് മൂന്ന് തവണ എം.എല്‍.എയായ ബി.ജെ.പി നേതാവാണ് ഹന്‍സ് രാജ്. നിലവില്‍ ബി.ജെ.പി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റ് കൂടിയാണ് ഹന്‍സ് രാജ്.
Content Highlight: Case against BJP MLA who threatened young woman by asking for nude pictures