തൃശൂര്‍: വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ തൃശൂര്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരിക്കെതിരെ കേസെടുത്തു. ഒ.ബി.സി. മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന്റെ പരാതിയിലാണ് കേസ്.
ബി.ജെ.പി. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് കഴിഞ്ഞ ദിവസം ഋഷി പല്‍പ്പു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ. ആര്‍ ഹരി ഭീഷണിപ്പെടുത്തിയെന്ന് ഋഷി പല്‍പ്പു പരാതിയില്‍ പറയുന്നത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമാണ് ഋഷി പല്‍പ്പു നടത്തുന്നതെന്നാണ് ബി.ജെ.പി. ജില്ലാ നേതൃത്വത്തിന്റെ ആരോപണം.
കുഴല്‍പ്പണ കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബി.ജെ.പി. ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്നാണ് ഋഷി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ആറ് വര്‍ഷത്തേക്കാണ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ ഫോണിലൂടെ വിളിച്ചാണ് പുറത്താക്കിയ വിവരം തന്നെ അറിയിച്ചതെന്ന് ഋഷി പല്‍പ്പു പറഞ്ഞിരുന്നു.
കെ. സുരേന്ദ്രന്‍ വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നോ എന്നാണ് ചോദിച്ചത്. ഇട്ടു എന്ന് മറുപടി പറഞ്ഞതോടെ നിങ്ങളെ ചുമതലയില്‍ നിന്ന് നീക്കുകയാണെന്നാണ് അധ്യക്ഷന്‍ പറഞ്ഞത്. തനിക്ക് ഔദ്യോഗികമായി നോട്ടീസ് തരികയോ വിശദീകരണം തരികയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.