| Monday, 2nd September 2024, 7:29 pm

ബംഗാളി മുസ്‌ലിം തൊഴിലാളികളെ ആക്രമിച്ചു; അസമില്‍ ബി.ജെ.പി നേതാവിനെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ ബംഗാള്‍ സ്വദേശികളായ മുസ്‌ലിം തൊഴിലാളികളെ ആക്രമിച്ചതില്‍ ബി.ജെ.പി നേതാവിനെതിരെ കേസ്. കിഴക്കന്‍ അസമിലെ ചറൈഡിയോ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഒമ്പത് തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ദിവസങ്ങള്‍ക്ക് മുമ്പ് മിയ മുസ്‌ലിങ്ങളെ സംസ്ഥാനം പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. പിന്നാലെ അപ്പര്‍ അസമിലെ മിയ മുസ്‌ലിങ്ങള്‍ പ്രദേശം വിട്ടുപോകണമെന്ന് ഏതാനും തീവ്ര വലതുപക്ഷ സംഘടനകളും ആഹ്വാനം ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി നേതാവ് ആക്രമിച്ചതെന്നാണ് തൊഴിലാളികള്‍ പരാതിയില്‍ പറയുന്നത്.

ഓഗസ്റ്റ് 24ന് രാത്രി 10.30ഓടെ, മുഖം മറച്ച അക്രമികള്‍ തങ്ങള്‍ക്ക് നേരെ വരികയും താമസിക്കുന്ന വീടിന് മുന്നില്‍ മുട്ടുകുത്തി നില്‍ക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. 14ലധികം പേര്‍ അക്രമികളുടെ സംഘത്തില്‍ ഉണ്ടായിരുന്നെന്നും പരാതി വ്യക്തമാക്കുന്നുണ്ട്.

ബി.ജെ.പി നേതാവ് മയൂര്‍ ബോര്‍ഗോഹെയ്നിന്റെ കൂട്ടാളികളാണ് തങ്ങളെ ആക്രമിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കത്തികളും തോക്കുകളും പ്ലാസ്റ്റിക് പൈപ്പുകളും അക്രമികളുടെ പക്കലുണ്ടായിരുന്നെന്നും തൊഴിലാളികള്‍ പറയുന്നു.

പടിഞ്ഞാറന്‍ അസമിലെ ബാര്‍പേട്ട ജില്ലയിലെ നിവാസികളായ തൊഴിലാളികളാണ് ബോര്‍ഗോഹെയ്നെതിരെ പരാതി നല്‍കിയത്. ഇവര്‍ ചാറൈഡിയോയിലുള്ള നൈപുണ്യ വികസന കേന്ദ്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റജിബുള്‍ ഹോക്ക്, അഹദുല്‍ ഖാന്‍, അമിനുല്‍ ഹോക്ക്, അമീറുള്‍ ഹോക്ക്, സുറോത് ജമാല്‍, അസിര്‍ ഉദ്ദീന്‍, സദ്ദാം ഹുസൈന്‍, അലി ഹസന്‍, അസബുള്‍ ഹോക്ക് എന്നിവരാണ് ബി.ജെ.പി നേതാവിനെതിരെ പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം, മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തല്‍, മുറിവേല്‍പ്പിക്കല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

അസമില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയിഗിക്കുന്ന പദമാണ് മിയ. ഒമ്പത് ജില്ലകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ അസം സംസ്ഥാനത്തിന്റെ ഹൃദയ ഭൂമിയാണെന്നാണ് പറയപ്പെടുന്നത്. ഈ പ്രദേശത്ത് താമസിക്കുന്ന മുസ്‌ലിങ്ങളായ ബംഗാളി തൊഴിലാളികളെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

Content Highlight: Case against BJP leader for attacking Bengal Muslim workers in Assam

We use cookies to give you the best possible experience. Learn more