ഗുവാഹത്തി: രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ച ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ കേസ് ഫയല്‍ ചെയ്തു.
ത്രിപുരയിലെ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഗോപാല്‍ സിഎച്ച് റോയ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.
‘തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) (b) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഈ കത്ത് സ്വീകരിക്കണം. അഗര്‍ത്തലയിലെ ജി ബി ഹോസ്പിറ്റലില്‍ ഏപ്രില്‍ രണ്ടിന് മണിപൂരില്‍ 19 കൊവിഡ് കേസുകളും ആസ്സാമിലെ കാരിംഗഞ്ചില്‍ 16 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് മാധ്യമങ്ങളോട് പറഞ്ഞു. 2020 ഏപ്രില്‍ രണ്ടിന് കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ വിവരങ്ങളനുസരിച്ച് കാരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തത്,’ എഫ്.ഐ.ആറില്‍ പറയുന്നു.
അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ റോയ് പൊലീസ് കേസ് അന്വേഷിക്കട്ടെയെന്നും ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. പരാതിയുടെ കൂടെ ബിപ്ലബ് കുമാര്‍ മാധ്യമങ്ങളോട് പറയുന്നതിന്റെ വീഡിയോയും നല്‍കിയിട്ടുണ്ട്.
‘കൊവിഡ് മഹാമാരി വന്നതിലൂടെ വളരെ മോശപ്പെട്ട ഒരു സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ ഒരു വിവരം പോലും പങ്കുവെക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി തന്നെ തെറ്റായ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണ്,’ റോയ് പറഞ്ഞു.