|

ബിഗ് ബോസില്‍നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ ആരാധകര്‍ തടിച്ചുകൂടിയത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്; കേസെടുത്ത് ജില്ലാ കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനം കൊവിഡ് 19 ഭീതിയില്‍ തുടരുമ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊച്ചി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കെതിരെ കേസെടുത്ത് ജില്ലാ കളക്ടര്‍. ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് രജിത് കുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്. രജിതിനെ സ്വീകരിക്കാന്‍ നിരവധിപ്പേരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ്.

പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്തത്ര ആളുകളാണ് തടിച്ചുകൂടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളെയും മറികടന്ന് രജിത് കുമാറിന്റെ ആരാധകരടങ്ങുന്ന വലിയ ജനക്കൂട്ടം വിമാനത്താവളത്തില്‍ തടിച്ചുകൂടിയതിനെതിരെ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമണയും ഡോ ധന്യാ മാധവും പരാതി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കുമായിരുന്നു ഇരുവരും പരാതി നല്‍കിയത്. ആളുകള്‍ തടിച്ചുകൂടിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

അനധികൃതമായി വിമാനത്താവളത്തിലെ അതീവ നിയന്ത്രണ മേഖലയില്‍ കൊറോണ നിയന്ത്രണങ്ങളും നിരോധനങ്ങളും നിലനില്‍ക്കുമ്പോള്‍ സമ്മേളിച്ച ആളുകള്‍ക്കെതിരെയും പരിപാടിയുടെ സംഘടകര്‍ക്കെതിരെയും നിയമലംഘനത്തിനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുകയോ, കൃത്യവിലോപം നടത്തുകയോ ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നായിരുന്നു ശ്രീജിത്ത് പെരുമണ പരാതിയില്‍ ആവശ്യപ്പെട്ടത്. സാമൂഹിക സുരക്ഷ നിയമം, ഐ.പി.സി, വിമാനത്താവള സുരക്ഷ നിയമം, കേരള പൊലീസ് ആക്റ്റ് എന്നിവ പരിഗണിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വിമാനത്താവളത്തില്‍ എത്തിയ ആളുകളെ നിരീക്ഷിച്ച് കൊറോണ പരിശോധനകള്‍ നടത്തി ഐസൊലേഷനില്‍ നിരീക്ഷണത്തിലാക്കണമെന്നും പരാതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.

സംസ്ഥാനം മുഴുവന്‍ കൊറോണ വൈറസിന് എതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും സങ്കീര്‍ണമായ രോഗികള്‍ വന്നുപോയ എയര്‍പോര്‍ട്ട് പ്രദേശത്ത് ഒരു റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് എന്ന വ്യക്തിയെ സ്വീകരിക്കാന്‍ ആരാധകര്‍ എന്ന ആള്‍ക്കൂട്ടം എന്തിന്റെ പേരില്‍ ആയാലും കൂട്ടം കൂടാന്‍ അനുവദിച്ചതിനു അവിടെ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയായി കണ്ടു നടപടികളുണ്ടാകേണ്ടതും ഇത്രയും നിരുത്തരവാദ പരമായ സമീപനത്തിന് കണ്ടാല്‍ തിരിച്ചറിയുന്ന മുഴുവന്‍ ആളുകള്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കേണ്ടതുമാണെന്നുമാണ് ധന്യാമാധവ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.

ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്പോള്‍ ഒരു ടി.വി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. ‘ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു സുരക്ഷക്കായി നിലകൊള്ളുമ്പോള്‍ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന നാല് പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു.
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകും’, കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, കൊവിഡിനെ തനിക്ക് പേടിയില്ലെന്നും മനസില്‍ ശുദ്ധിയുണ്ടെങ്കില്‍ കൊറോണ വരില്ലെന്നുമായിരുന്നു രജിത് കുമാര്‍ വിമാനത്താവളത്തിലെത്തിയ ഉടനെ പ്രതികരിച്ചത്. മനസില്‍ ശുദ്ധിയില്ലാത്തവര്‍ക്കാണ് കൊറോണ ബാധിക്കുന്നതെന്നും രജിത് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ബിഗ് ബോസില്‍ സഹ മത്സരാര്‍ത്ഥിയെ കായികമായി ഉപദ്രവിച്ചതിനെത്തുടര്‍ന്നായിരുന്നു രജിത് കുമാറിനെ ബിഗ് ബോസില്‍നിന്നും പുറത്താക്കിയത്. രജിതിനെ പുറത്താക്കിയതിന് പിന്നാലെ എഷ്യാനെറ്റിനെതിരെയും പരിപാടിയുടെ അവതാരകനായ നടന്‍ മോഹന്‍ലാലിനെതിരെയും കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ