| Wednesday, 16th October 2024, 9:04 pm

മുഹമ്മദ് നബിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബജ്‌രംഗ് ദൾ നേതാക്കള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ ബജ്‌രംഗ് ദൾ നേതാക്കള്‍ക്കെതിരെ കേസ്. രണ്ട് നേതാക്കള്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

യു.പിയിലെ പിലിഭിത്തിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് മുഹമ്മദ് നബിയെ അപകര്‍ത്തിപ്പെടുത്തും വിധം നേതാക്കള്‍ പരാമര്‍ശം നടത്തിയത്.

സഞ്ജയ് മിശ്ര, വിവേക് മിശ്ര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധോട്ടണ്ട സ്വദേശിയായ അഫ്‌സല്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് നടപടി. ബജ്‌രംഗ് ദൾ നേതാക്കളുടെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മുസ്‌ലിം സമുദായത്തെ വ്രണപ്പെടുത്തും വിധം പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. നേതാക്കള്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെ സംഭവസ്ഥലത്ത് സംഘര്‍ഷം ഉണ്ടായതായും തുടര്‍ന്ന് പ്രാദേശിക ഭരണകൂടം വിഷയത്തില്‍ പരിഹാരം കണ്ടെത്തിയതായും സര്‍ക്കിള്‍ ഓഫീസര്‍ പുരന്‍പൂര്‍ വിശാല്‍ ചൗധരി പറഞ്ഞു.

നേരത്തെ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പുരോഹിതനെതിരെ യു.പിയില്‍ കേസെടുത്തിരുന്നു. സെപ്റ്റംബര്‍ 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ പ്രസംഗത്തിനിടയിലാണ് പുരോഹിതനായ യതി നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്.

ദസറ ദിവസങ്ങളില്‍ കോലം കത്തിക്കേണ്ടി വരികയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കാനാണ് നരസിംഹാനന്ദന്‍ ആഹ്വാനം ചെയ്തത്.

എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 302 (മതവികാരം വ്രണപ്പെടുത്തല്‍) പ്രകാരമാണ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് ഇതാദ്യമായല്ല വിദ്വേഷ പ്രസംഗം നടത്തുന്നത്. 2022ലും വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Case against Bajrang Dal leaders for defamatory remarks against Prophet Muhammad

Video Stories

We use cookies to give you the best possible experience. Learn more