| Thursday, 17th August 2023, 12:25 pm

'ഗോഹത്യ നടത്തുന്നവരുടെ കൈ വെട്ടണം'; ബജ്‌റംഗ്ദള്‍ നേതാക്കള്‍ക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ രണ്ട് ബജ്‌റംഗ്ദള്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. ഓഗസ്റ്റ് 13ന് കര്‍ക്കലയില്‍ വെച്ച് ബജ്‌റംഗ്ദള്‍ യൂണിറ്റ് നടത്തിയ അഖണ്ഡ ഭാരത സങ്കല്‍പ് പരിപാടിയില്‍ വെച്ചാണ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ പൊലീസ് നടത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബജ്‌റംഗ്ദള്‍ മംഗളൂരു ഡിവിഷന്‍ ജോയിന്റ് കണ്‍വീനര്‍ പുനീത് അത്താവര്‍, ബജ്‌റംഗ്ദള്‍ കര്‍ക്കള യൂണിറ്റ് കണ്‍വീനര്‍ സമ്പത്ത് കരിയാക്കല്ലു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബജ്‌റംഗ്ദള്‍ നേതാക്കള്‍ ടോര്‍ച്ച് ലൈറ്റ് പരേഡിനും അഖണ്ഡ ഭാരത സങ്കല്‍പ് യാത്രക്കും വേണ്ടി അനുമതി വാങ്ങിയിരുന്നെന്നും വിദ്വേഷമോ വര്‍ഗീയമോ ആയ പ്രസംഗം നടത്തരുതെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയതെന്നും കര്‍ക്കല ടൗണ്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാര്‍ ഷെട്ടി പറഞ്ഞു.

എന്നാല്‍ അത്താവറിന്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെടുന്നതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പ്രസംഗത്തിനിടയില്‍ പശുക്കളെ കൊല്ലുന്നവരെ ആക്രമിക്കാന്‍ അത്താവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നുണ്ട്.

‘പശുക്കളെ കശാപ്പ് ചെയ്യുന്നവരുടെ കൈകള്‍ അവരുടെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുത്തണം. ഇത് പ്രാവര്‍ത്തികമാക്കുമെന്ന് ഇന്ന് തന്നെ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണം,’ എന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 505 (1)(ബി), 505 (1)(സി), 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വിദ്വേഷ പ്രസംഗം നടത്തിയതിന് അത്താവര്‍ക്കെതിരെയും പരിപാടി സംഘടിപ്പിച്ചതിന് കാരിയാക്കല്ലുവിനെയും കേസെടുത്തിട്ടുള്ളത്.

പത്ത് ദിവസത്തിനുള്ളില്‍ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ വിവാദ പ്രസംഗമാണിത്. ഓഗസ്റ്റ് നാലിന് ഉടുപ്പി സിറ്റിയില്‍ വെച്ച് നടന്ന അഖണ്ഡ ഭാരത സങ്കല്‍പ് യാത്രയില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് ശരണ്‍ പമ്പ്‌വെലും വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്.

CONTENT HIGHLIGHTS: CASE AGAINST BAJRANG DAL LEADERS

We use cookies to give you the best possible experience. Learn more