| Monday, 10th September 2012, 11:46 am

ബാച്ചിലര്‍ പാര്‍ട്ടി നെറ്റില്‍ കണ്ടവര്‍ക്കെതിരെ കേസ്: സൈബര്‍ ലോകത്ത് പ്രതിഷേധം ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പകര്‍പവകാശം ലംഘിച്ച് മലയാള സിനിമയായ ബാച്ചിലര്‍ പാര്‍ട്ടി അപ്‌ലോഡ് ചെയ്തവര്‍ക്കും സിനിമ കണ്ടവര്‍ക്കുമെതിരെ കേസെടുത്തതില്‍ സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധം. അപ്‌ലോഡ് ചെയ്ത സിനിമ പകര്‍പ്പവകാശം പാലിച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയുമെന്നാണ് നെറ്റ്‌ലോകത്തുള്ളവര്‍ ചോദിക്കുന്നത്. []

ഇന്റര്‍നെറ്റില്‍ വീണ്ടും സിനിമകള്‍ അപ്‌ലോഡ് ചെയ്യണമെന്ന ആഹ്വാനവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സിനിമ കണ്ടവരെ കണ്ടെത്താന്‍ ആന്റി പൈറസി സെല്ലിനെ സഹായിച്ച ഏജന്റ് ജാദൂവെന്ന സോഫ്റ്റ്‌വെയര്‍ വെറും തട്ടിപ്പാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ബാച്ചിലര്‍ പാട്ടില്‍ നെറ്റില്‍ കണ്ട ആയിരത്തോളം പേര്‍ക്കെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പകര്‍പവകാശം ലംഘിച്ച് സിനിമ അപ്‌ലോഡ് ചെയ്തവര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് കണ്ടവര്‍ക്കുമെതിരെയാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെയാണ് നെറ്റ് ലോകത്ത് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

അതിനിടെ ബാച്ചിലര്‍ പാര്‍ട്ടി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത കേസിലെ പ്രധാന പ്രതിയായ മലയാളി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി തേജസ് നായര്‍ ഒരു വര്‍ഷത്തിനിടെ 30 ഓളം സിനിമകള്‍ അപ്‌ലോഡ് ചെയ്തതായി ആന്റി പൈറസി സെല്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ പുറത്തിറങ്ങിയ എല്ലാ സിനിമകളും വിവിധ വെബ്‌സൈറ്റുകളില്‍ തേജസ് അപ്‌ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം, അരികെ, വെള്ളരിപ്രാവിന്റെ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

നവി മുംബൈയിലാണ് തേജസ് നായര്‍ ഇപ്പോഴുള്ളത്. തമിഴ് റോക്കേഴ്‌സ് എന്ന സൈറ്റിലും നിരവധി ടോറന്റ് സൈറ്റുകളിലുമാണ് സിനിമകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more