തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചപ്പോള്‍ മോശം അനുഭവങ്ങളാണ് നേരിടേണ്ടിവന്നതെന്ന് ആരോപിച്ച ജ്വാല പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെ കേസ്. കോവളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരില്‍ ജ്വാലയുടെ നേതൃത്വത്തില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
കോവളം സ്വദേശിയായ ഒരാള്‍ ഡി.ജി.പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം, പരാതിക്കാരന്റെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ലിഗയെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ലിഗയുടെ സഹോദരി ഇന്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും നേരിട്ട അപമാനങ്ങളും വേദനകളും ഫേസ്ബുക്കിലൂടെ അശ്വതി വിശദീകരിച്ചിരുന്നു. പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതും വിഷയത്തെ നിരുത്തരവാദപരമയി പൊലീസ് കൈകാര്യം ചെയ്തതും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും അദ്ദേഹം കാണാന്‍ കൂട്ടാക്കതുമൊക്കെയായിരുന്നു അശ്വതി കുറിച്ചത്.
“കാണാതായി എട്ടുദിവസത്തിനുശേഷം, ഇടപെട്ട ദിവസം മുതല്‍ കണ്ടതായിരുന്നു പൊലീസിന്റെ അനാസ്ഥ. പോത്തന്‍കോട് നിന്നും ഓട്ടോറിക്ഷയില്‍ കയറി കോവളത്ത് ഇറങ്ങി കേസ് രജിസ്റ്റര്‍ ചെയ്തത് പോത്തന്‍കോട്.. കേസ് രജിസ്റ്റര്‍ ചെയ്തു പത്തുദിവസത്തിനുശേഷം വിഴിഞ്ഞം, കോവളം സ്‌റ്റേഷനുകളില്‍ ഞങ്ങള്‍ എത്തുമ്പോള്‍ കാണാതായ വിവരം ആ സ്‌റ്റേഷനുകളില്‍ അറിഞ്ഞിട്ടില്ലായിരുന്നു. പോത്തന്‍കോട് എസ്.ഐ ഈ വിഷയം ഇങ്ങനെ ആയിരുന്നില്ല കൈകാര്യം ചെയ്യേണ്ടത് എന്ന് വിഴിഞ്ഞം എസ്.ഐ ഷിബു. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാനുള്ള നെട്ടോട്ടമായിരുന്നു. 9.30 മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിക്കായി നിയമസഭക്ക് മുന്നില്‍ കാത്തുനിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഫോണ്‍ എടുക്കാത്തതിനാല്‍ ഞങ്ങളെ അകത്തേക്ക് കയറ്റി വിട്ടില്ല. ഒടുവില്‍ പതിനൊന്ന് മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു, ” ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്??, ” എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.