national news
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തെന്നാരോപിച്ച് അല്ലു അര്‍ജുനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 12, 07:26 am
Sunday, 12th May 2024, 12:56 pm

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചാണരത്തില്‍ പങ്കെടുത്തെന്ന പരാതിയില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസ്. വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എ രവിചന്ദ്ര കിഷോറിന്റെ വിട്ടീലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്റെ പേരിലാണ് നടനെതിരെ നന്ദ്യാല്‍ പൊലീസ് കേസെടുത്തത്. നടന്‍ തെരഞ്ഞെടുപ്പ് പ്രചരണ ചട്ടം ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു എന്നതിന്റെ പേരിലാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് സുഹൃത്തും എം.എല്‍.എയുമായ രവിചന്ദ്രയുടെ വീട്ടില്‍ അല്ലു അര്‍ജുന്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശന വിവരമറിഞ്ഞ് നിരവധി ആരാധകര്‍ താരത്തെ കാണാന്‍ രവിചന്ദ്രയുടെ വീടിന് സമീപം തടിച്ചുകൂടിയിരുന്നു.

ഈ സമയത്ത് ബാല്‍ക്കണിയില്‍ വെച്ച് അല്ലുഅര്‍ജുന്‍ രവിചന്ദ്രക്കൊപ്പം ജനങ്ങളെ അഭിസംബോധന ചെയ്യുകയും എം.എല്‍.എയുടെ കൈ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ഇത് വലിയ ട്രാഫിക് ബ്ലോക്കിന് കാരണമാകുകയും ചെയ്തു.

സ്‌പെഷ്യന്‍ ഡെപ്യൂട്ടി തഹസില്‍ദാറാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ രവിചന്ദ്രക്കൊപ്പമുള്ള വീഡിയോയും അല്ലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നെങ്കിലും അതില്‍ വോട്ടഭ്യര്‍ത്ഥനയൊന്നുമുണ്ടായിരുന്നില്ല. നേരത്തെ ബന്ധുവും നടനുമായ പവന്‍കല്യാണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും അല്ലു അര്‍ജുന്‍ പങ്കെടുത്തിരുന്നു.

അതേസമയം സുഹൃത്തെന്ന നിലയിലാണ് രവിചന്ദ്രയെ സന്ദര്‍ശിച്ചതെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

content highlights: Case against Allu Arjun for allegedly participating in election campaign