| Monday, 25th May 2020, 1:27 pm

മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ച സംഭവം ; അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കാലടിയില്‍ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റാണ് തകര്‍ത്തത്. കൊവിഡ് കാരണം ഷൂട്ടിംഗ് മുടങ്ങിയതിനാലാണ് ആ സെറ്റ് അവിടെ നിന്ന് പോയത്. ‘അതാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്നൊരു കൂട്ടര് തകര്‍ത്തത്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് അത് പുറത്തറിയിച്ചത്’,

സെറ്റ് അവിടെയുള്ളത് കൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പൊളിച്ചുകളഞ്ഞതിനെതിരെ കാലടി ശിവരാത്രി സമിതിയും പരാതി നല്‍കിയിരുന്നു. തങ്ങളുടെ അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിര്‍മ്മിച്ചതെന്നും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും കാലടി ശിവരാത്രി സമിതി പറഞ്ഞു.

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ പൊളിച്ചുകളഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. ഒരു സിനിമാ സെറ്റിനോട് പോലും എന്തിനാണ് ഇത്രയ്ക്കും അസഹിഷ്ണുതയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. വ്യാപക പ്രതിഷേധം പ്രവര്‍ത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മിന്ന്ല്‍ മുരളിയുടെ അണിയറ പ്രവര്‍ത്തകരും സിനിമാരംഗത്തുള്ളവരുമൊക്കെ വിഷയത്തില്‍്പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

‘മിന്നല്‍ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമാണ് പൊളിച്ചത്.കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്.

ഇതിന്റെ ചിത്രങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്.

സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാലടി മണപ്പുറത്ത് ഇത്തരത്തില്‍ ഒരു സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയെന്നും അതിനാലാണ് പൊളിച്ചതെന്നുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ വിശദീകരണം.

‘ക്ഷേത്രത്തിന് മുന്നില്‍ കെട്ടിയ പള്ളി ആണ് ഷൂട്ടിങ്ങിന് എന്നാണ് പറഞ്ഞത് .പൊളിച്ച് മാറ്റാന്‍ ഭാവം ഇല്ല.ആ ജോലി ഞങ്ങള്‍ ഏറ്റെടുത്തു.നിലനിര്‍ത്താന്‍ പണത്തിന്റെ ഓഫര്‍ വന്നിരുന്നു.ഞങ്ങള്‍ക്ക് തല്‍ക്കാലം പണത്തിന്റെ ആവശൃം ഇല്ല’ എന്നാണ് ഹരി പാലോട് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്.

പൊളിക്കുകയല്ലായിരുന്നു വേണ്ടതെന്നും തീയിടുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍,ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികള്‍ നല്‍കിയിരുന്നു.യാചിച്ച് ശീലം ഇല്ല.ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു.സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം.സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും,മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍.മഹാദേവന്‍ അനുഗ്രഹിക്കട്ടെ’ എന്നാണ് ഹരിയുടെ പോസ്റ്റ്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്.

ഗോദയ്ക്കു ശേഷം ബേസില്‍ ജോസഫ് ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നതിനിടെയാണ് കൊവിഡ് ഭീഷണി ഉയര്‍ന്നത്.

കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ്പ്രഖ്യാപിച്ചതോടെ സിനിമാ നിര്‍മാണം നിര്‍ത്തിവച്ചതിനാല്‍ പകുതിമാത്രമായി നിര്‍മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഇതിനോടകം ചിലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more