ബെംഗളൂരു: ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ കന്നഡ നടൻ ചേതൻ കുമാറിനെതിരെ കേസ്. ഹിന്ദു ജാഗരൺ വേദികെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു പൊലീസാണ് നടനെതിരെ കേസെടുത്തത്.
വിവിധ മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു എന്നതുൽപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചേതൻ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
ബജ്‌റംഗ്ദൾ ബെംഗളൂരു നോർത്ത് കൺവീനർ ശിവകുമാറാണ് നടനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും പരാതിക്കാർ ആരോപിച്ചു.
ഭൂത കോല ഹിന്ദു സംസ്കാരത്തിന്റെ ഭാഗമാണെന്ന റിഷഭ് ഷെട്ടിയുടെ പരാമർശത്തിനും ചേതനേ മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഷെട്ടിയുടെ പരാമർശം തെറ്റാണെന്നായിരുന്നു ചേതന്റെ മറുപടി. ഇതിന് പിന്നാലെ ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലും ചേതൻ സമാന വാദം ഉന്നയിച്ചിരുന്നു. ഇതാണ് പുതിയ വിവാദത്തിൽ കലാശിച്ചത്.
കന്നഡ സിനിമയായ ‘കാന്താര’ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കൾ ഇന്ത്യയിൽ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികൾക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും കഴിഞ്ഞദിവസം ചേതൻ പറഞ്ഞിരുന്നു. പരാമർശത്തിന് പിന്നാലെ ഹിന്ദുത്വവാദികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ഹിന്ദുത്വവാദികൾ പ്രതിഷേധം കടുപ്പിച്ചതോടെ ദളിത് സംഘടനകൾ നടന് പിന്തുണ അറിയിച്ച് രംഗത്തെത്തി.
പ്രാചീന ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദളിത് സംഘടനാനേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹിജാബ് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരേ ട്വിറ്ററിൽ പരാമർശം നടത്തിയതിന് ചേതനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കേസിൽ ചേതനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല.
Content Highlight: case against actor chetan kumar for hurting hindu religious belief