|

നോയിഡയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; അഞ്ചു സഹപാഠികള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോയിഡ: സഹപാഠിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ നോയിഡയിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പരാതിക്കാരിയും പ്രതികളും പ്രായപൂര്‍ത്തിയാവാത്തവര്‍ ആയതിനാല്‍ കേസില്‍ വിശദമായ അന്വേക്ഷണം വേണമെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിക്ക് നേരെയുണ്ടായ ആദ്യ അതിക്രമം സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ചതായും എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വീണ്ടും മോശമായ പെരുമാറ്റം ഉണ്ടായപ്പോളാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ ഇന്റര്‍ ഡിസിപ്ലിനറി കമ്മിറ്റി പരാതി അന്വേക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അതിക്രമം രണ്ടാമതും സംഭവിച്ചപ്പോള്‍ പ്രിന്‍സിപ്പാളിനോട് വിഷയത്തെ കുറിച്ച് സംസാരിച്ചതായും അക്കാര്യം അന്വേക്ഷിക്കാമെന്ന് ഉറപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും പ്രതികളിലൊരാള്‍ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പറഞ്ഞു.

ഇന്ത്യന്‍ നിയമ പ്രകാരം സെക്ഷന്‍ 147 (കലാപം), സെക്ഷന്‍ 352 (അതിക്രമം, അല്ലെങ്കില്‍ ബലപ്രയോഗം), 345 എ ( ലൈംഗിക ആക്രമണം), സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. പെണ്‍കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് കൊടുത്ത പരാതിയിന്മേല്‍ സ്‌കൂള്‍ എടുത്ത നടപടിയും മറ്റും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അപ്രതീക്ഷിതമായി നടന്ന കാര്യമാണിതെന്നും അന്വേക്ഷണം നടത്തുമെന്നും പറഞ്ഞു.

Content Highlight: Case against 5 student in Noida School