പത്തനംതിട്ട: സന്നിധാനത്ത് വ്യാഴാഴ്ച രാത്രി പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇന്നലെ രാത്രി പത്തരയോടെ ഒരുവിഭാഗം തീര്‍ത്ഥാടകര്‍ പ്രകോപനമേതുമില്ലാതെ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇവരെ പൊലീസ് തടഞ്ഞതോടെ ഇവര്‍ വടക്കേ നടയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രത്യേക ഉദ്ദേശത്തോടെയുള്ള സംഘം ചേരല്‍, നിരോധനാജ്ഞ ലംഘിക്കല്, പിരിഞ്ഞുപോകാന്‍ നിര്‍ദേശിട്ടും അവിടെ തുടര്‍ന്നു, തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ് കഴിഞ്ഞദിവസം പ്രതിഷേധവുമായി രംഗത്തുവന്നത്. കൃഷ്ണകുമാര്‍, രാംലാല്‍ തുടങ്ങി നാലുപേരുടെ പേരും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാലു ദിവസത്തേക്കു കൂടി കഴിഞ്ഞദിവസം നീട്ടിയിരുന്നു. എന്നാല്‍ ഒറ്റയ്‌ക്കോ കൂട്ടായോ ശരണം വിളിക്കുന്നതില്‍ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച രാത്രി പ്രതിഷേധവുമായി എത്തിയവര്‍ക്കെതിരെ കേസെടുത്തത്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ വീണ്ടും 144 പ്രഖ്യാപിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവ് ഇന്നലെ വന്നിരുന്നു. നിരോധനാജ്ഞ ജനുവരി 14വരെ നീട്ടണമെന്നാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നത്.