Kerala News
യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ പരാമര്‍ശം; പി. ജയരാജനെതിരെ പരാതി നല്‍കി യുവമോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jul 27, 01:43 pm
Thursday, 27th July 2023, 7:13 pm

കണ്ണൂര്‍: ഭീഷണി പ്രസംഗം നടത്തിയ പി. ജയരാജനെതിരെ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്‍കി. ഭീഷണി രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവെക്കുമെന്ന് പരാതിയില്‍ പറയുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്നാണ് ജയരാജന്‍ പ്രസംഗത്തില്‍ ഭീഷണി മുഴക്കിയത്.

‘ആരാണ് ഈ നാട്ടില്‍ ശാസ്ത്രവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. ഷംസീര്‍ ജനിച്ച മതത്തെ സൂചിപ്പിച്ചുകൊണ്ട് ചില പ്രയോഗങ്ങളൊക്കെ നടത്തുന്നുണ്ട്. അതൊക്കെ ഈ നാട്ടില്‍ നടപ്പില്ലെന്ന് ബി.ജെ.പിക്കാര്‍ മനസിലാക്കണം.

പിന്നെ ഒരു നേതാവ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത് പോലെ ഷംസീറിന് അനുഭവം ഉണ്ടാകാതിരിക്കില്ലെന്ന് സൂചിപ്പിക്കുകയുണ്ടായി. ഷംസീറിന്റെ നേരെ കയ്യോങ്ങിക്കഴിഞ്ഞാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് നിങ്ങള്‍ മനസിലാക്കണം,’ എന്നാണ് പി. ജയരാജന്‍ പറഞ്ഞത്.

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എന്‍. ഷംസീറിന്റെ എം.എല്‍.എ ഓഫീസിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷിന്റെ വിവാദ പരാമര്‍ശം.

പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാഷിന്റെ കൈവെട്ടിയത് പോലെയൊരു അനുഭവം ഷംസീറിന് ഉണ്ടാകാതിരിക്കില്ല എന്നായിരുന്നു കെ. ഗണേശിന്റെ പ്രകോപനപരമായ പ്രസ്താവന. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറയാന്‍ തയാറായില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നും ഗണേശ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മുതല്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനുള്ള സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഷംസീര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിക്കുന്നുണ്ട്.

Content Highlights: case against p jayarajan by yuvamorcha